‘അമ്മാതിരി കമന്റൊന്നും വേണ്ട കേട്ടോ’: സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി
Mail This Article
തിരുവനന്തപുരം ∙ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിനു യോഗ്യത നേടുന്ന വിദ്യാർഥികളുടെ നിലവാരം സംബന്ധിച്ച് മന്ത്രിമാർ തമ്മിലും അഭിപ്രായ വ്യത്യാസം. പല കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം തിരുത്തി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തന്നെ എത്തി.
∙ ‘എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ല. ജയിച്ചവരിൽ നല്ലൊരു ശതമാനത്തിന്റെയും സ്ഥിതി ഇതാണ്. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്കു കിട്ടുന്നതു തന്നെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും പത്താം ക്ലാസ് പരീക്ഷ തോറ്റാൽ സർക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയക്കാർ സമരത്തിനിറങ്ങും. അതുകൊണ്ട് എല്ലാവരെയും ജയിപ്പിക്കുകയാണ്.’ – സജി ചെറിയാൻ
∙ ‘അക്കാദമിക മികവിന്റെ മേഖലയിൽ വിട്ടുവീഴ്ചയ്ക്കില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വികസന സൂചികയിൽ കേരളം മുന്നിലുണ്ട്. സജി ചെറിയാന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്താണ് ചിലർ വിവാദത്തിന് ശ്രമിക്കുന്നത്. സ്കൂൾ പഠനമേഖലയിൽ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണ്. ഒന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥി മലയാളം അക്ഷരമാല പഠിച്ചിരിക്കണമെന്ന് ഉറപ്പുള്ള പദ്ധതികളാണു സർക്കാരിന്റേത്.’ – വി.ശിവൻകുട്ടി