ഒഴിച്ചിട്ട താളിലിടം നേടി സേവ്യറിന്റെ സ്വന്തം മരണവാർത്ത
Mail This Article
തിരുവനന്തപുരം ∙ ഉറ്റവരും മിത്രങ്ങളും പരിചയക്കാരുമെല്ലാം വിട പറയുമ്പോൾ പത്രത്തിലെ മരണവാർത്ത വെട്ടിയെടുത്ത് ആൽബമായി സൂക്ഷിക്കുന്നതായിരുന്നു വട്ടിയൂർക്കാവ് പാണങ്കര കനവിൽ റോസ് വില്ലയിൽ എ.സേവ്യറിന്റെ പ്രിയപ്പെട്ട ശീലം. ആൽബത്തിന്റെ അവസാന താൾ ഒഴിച്ചിട്ട് സേവ്യർ മകളോടും മരുമകനോടും പറഞ്ഞിരുന്നു: ഇവിടെ നിങ്ങൾ എന്റെ മരണ വാർത്ത ഒട്ടിച്ചുവയ്ക്കണം !
ഇന്നലെ പത്രത്തിൽ വന്ന സേവ്യറിന്റെ മരണ വാർത്ത ആൽബത്തിലെ അവസാന താളിൽ ഒട്ടിച്ച് പിതാവിന്റെ അവസാന ആഗ്രഹം അവർ നിറവേറ്റി. ശനിയാഴ്ചയായിരുന്നു ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സേവ്യറി(81)ന്റെ മരണം.നേരത്തേ, അജന്ത തിയറ്ററിലെ സിനിമ ഓപ്പറേറ്ററായിരുന്നു. ലളിതയാണ് ഭാര്യ. മകൾ ജയന്തിപ്രിയ, മരുമകൻ പ്രവീൺ.
ഓരോ മരണ വാർത്തയുടെയും കൂടെ ജീവിതത്തെക്കുറിച്ചുള്ള ചില ഉദ്ധരണികൾ കൂടി സേവ്യർ എഴുതി ചേർക്കുമായിരുന്നു. ആദ്യ താളിൽ സേവ്യർ പൊതുവായി ഒരു ഉദ്ധരണി ചേർത്തിരുന്നു. അത് ഇങ്ങനെ: ‘നാം സന്തോഷം കണ്ടെത്തുന്ന വഴികൾ മറ്റുള്ളവർക്ക് ഭ്രാന്ത് എന്നു തോന്നിയേക്കാം. പരിഹാസവും ഒറ്റപ്പെടുത്തലുമെല്ലാം ഉണ്ടാകാം. പതറേണ്ട. സ്വയം സന്തോഷിക്കുക.’