‘വന’ത്തിൽ കൊമ്പുകോർത്ത് വാഴൂർ സോമനും ശശീന്ദ്രനും
Mail This Article
തിരുവനന്തപുരം ∙ ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ വനം മന്ത്രി എ.കെ.ശശീന്ദ്രനും സിപിഐ അംഗം വാഴൂർ സോമനും തമ്മിൽ നിയമസഭയിൽ ഏറ്റുമുട്ടൽ. വനം ഇടുക്കിയിലും ഡിഎഫ്ഒ ഓഫിസ് കോട്ടയത്തുമാണെന്നു സോമൻ വിമർശനം ഉന്നയിച്ചപ്പോൾ സിപിഐയുടെ മുൻ വനം മന്ത്രിമാരെ ലക്ഷ്യമിട്ടു ശശീന്ദ്രൻ ചോദിച്ചു, തനിക്കു മുൻപേ ഇവിടെ മന്ത്രിമാർ ഉണ്ടായിരുന്നില്ലേ? എന്തേ അന്ന് ഓഫിസ് മാറ്റാതിരുന്നത്?
നിയമസഭയിൽ വനംവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. വകുപ്പിലെ കാര്യങ്ങൾ തലതിരിഞ്ഞാണു പോകുന്നതെന്നു പറയാനാണു സോമൻ ഡിഎഫ്ഒ ഓഫിസിന്റെ കാര്യം പറഞ്ഞത്. വന്യമൃഗങ്ങളെക്കൊണ്ടും വകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ടും രക്ഷയില്ലാത്ത അവസ്ഥയാണിപ്പോൾ. ജനം പൊറുതിമുട്ടി.
ഉദ്യോഗസ്ഥരുടെ പണി എന്താണെന്നു മന്ത്രി പരിശോധിക്കണം. മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷന് 5 ഏക്കർ സ്ഥലം അനുവദിച്ചു. കെട്ടിടം പണി ആരംഭിച്ചപ്പോൾ ഉദ്യോഗസ്ഥർ സ്റ്റോപ് മെമ്മോ കൊടുത്തു. പാഞ്ചാലിമേട്ടിൽ ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതി 90% പൂർത്തിയായി. അവിടെയും സ്റ്റോപ് മെമ്മോയുമായി വകുപ്പ് ഉദ്യോഗസ്ഥർ വന്നു.
മൗണ്ട് സത്രം പ്രദേശത്ത് എയർ സ്ട്രിപ് നിർമാണം തടസ്സപ്പെടുത്തി. വനം വകുപ്പിന്റെ സ്ഥലമെന്നാണ് അവകാശവാദം. അതിന്റെ രേഖകൾ ചോദിച്ചാൽ ഇല്ലെന്നാണു മറുപടി. വന്യമൃഗങ്ങൾ താലൂക്ക് ഓഫിസ് പരിസരത്തും കോടതി പരിസരത്തും ചുറ്റിക്കറങ്ങുന്നു. അതിനെ ഓടിച്ചുവിടാൻ ഉദ്യോഗസ്ഥർക്കു സമയമില്ല.
റവന്യു ഭൂമി തരിശ് കിടക്കുന്നതു വിജ്ഞാപനം ചെയ്തു വനമാക്കുന്ന തിരക്കിലാണ് അവരെന്നും സോമൻ കുറ്റപ്പെടുത്തി. തന്നെക്കാൾ മുതിർന്ന നേതാവും പരിണതപ്രജ്ഞനുമായ സോമൻ എന്തൊക്കെയാണു പറയുന്നതെന്നു ശശീന്ദ്രൻ ചോദിച്ചു. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു. അല്ലെങ്കിൽ കാര്യങ്ങൾ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.
ജില്ല വരുന്നതിനു മുൻപുതന്നെ കോട്ടയത്താണ് ഡിഎഫ്ഒ ഓഫിസ്. തനിക്കു മുൻപും ഇവിടെ വനം വകുപ്പും മന്ത്രിമാരും ഉണ്ടായിരുന്നു. എന്തുകൊണ്ട് അവർ വേണ്ടതു ചെയ്തില്ല. സത്രം എയർസ്ട്രിപ് നിർമാണം എൻസിസി വകുപ്പാണു ചെയ്യേണ്ടത്.
അവർ അടുത്തിടെയാണ് അപേക്ഷ നൽകിയത്. മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷൻ നിർമാണത്തിന് ആദ്യഘട്ട അനുമതി നൽകിക്കഴിഞ്ഞെന്നും ശശീന്ദ്രൻ പറഞ്ഞു. വനം മന്ത്രി രാജിവച്ചതു കൊണ്ടോ വന്യജീവികളെ വെടി വയ്ക്കാൻ ഉത്തരവിട്ടതു കൊണ്ടോ തീരുന്നതല്ല വന്യജീവി ആക്രമണം. കേന്ദ്ര വന നിയമത്തിൽ മാറ്റം വരുത്തണം. അതിനു സംസ്ഥാനം പല തവണ നിവേദനം നൽകിയെങ്കിലും തീരുമാനമായില്ല. കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടതു ശുഭ സൂചനയായി കാണാമെന്നും മന്ത്രി പറഞ്ഞു.