റവന്യു റിക്കവറി ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക്
Mail This Article
തിരുവനന്തപുരം ∙ സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്ഥാവര വസ്തുക്കൾ ജപ്തി ചെയ്യുന്നതിന് സ്റ്റേ അനുവദിക്കുന്നതിനും കുടിശിക തവണകളായി അടയ്ക്കുന്നതിനു സാവകാശം നൽകുന്നതിനുമുള്ള കേരള റവന്യു റിക്കവറി ഭേദഗതി ബിൽ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു.
1968 ലെ ബില്ലാണ് ഭേദഗതി ചെയ്യുന്നത്. ഇതനുസരിച്ച് നികുതി കുടിശികയുടെ പലിശ 12 ൽ നിന്ന് 9 ശതമാനമായി കുറയും. കുടിശിക തുക 5 ലക്ഷം രൂപവരെ ആണെങ്കിൽ റവന്യു മന്ത്രിക്കും 10 ലക്ഷം രൂപവരെ ധനമന്ത്രിക്കും 20 ലക്ഷം രൂപവരെ മുഖ്യമന്ത്രിക്കും സാവകാശം അനുവദിക്കാം. ഇതിനു മുകളിലുള്ള തുക ആണെങ്കിൽ സർക്കാരാണ് ഇളവ് അനുവദിക്കേണ്ടത്. ജപ്തി ചെയ്യുന്ന ഭൂമി ലേലത്തിൽ എടുക്കാൻ ആരും തയാറായില്ലെങ്കിൽ ഒരു രൂപയ്ക്കു സർക്കാരിന് ഏറ്റെടുക്കാം. നേരത്തേ ഇതു 10 പൈസ ആയിരുന്നു. ഇത്തരത്തിൽ ഏറ്റെടുക്കുന്ന ഭൂമി 5 വർഷത്തിനകം തിരിച്ചെടുക്കാൻ ഉടമയ്ക്ക് അവകാശം ഉണ്ട്.
റവന്യു റിക്കവറിക്ക് കാരണമായ കുടിശിക തുക പൂർണമായി അടച്ചശേഷം രേഖകൾ ഹാജരാക്കിയാൽ ഭൂമി സർക്കാർ വിട്ടുകൊടുക്കുമെന്ന നിർണായക വ്യവസ്ഥയും ഈ ബില്ലിൽ ഉണ്ട്. 5 വർഷ കാലാവധിക്കുള്ളിൽ ഭൂമിയുടെ ഉടമ മരിച്ചാൽ അവകാശിക്കു ഭൂമി ഏറ്റെടുക്കാനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്തണമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.