പ്രിൻസിപ്പലിന്റെ മുഖത്തടിച്ച് എസ്എഫ്ഐ പ്രവർത്തകർ
Mail This Article
കൊയിലാണ്ടി ∙ ഗുരുദേവ കോളജിൽ പ്രിൻസിപ്പലിനെയും അധ്യാപകനെയും ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. എസ്എഫ്ഐ നേതാവിനെ പ്രിൻസിപ്പൽ മർദിച്ചതായും പരാതിയുണ്ട്. സംഘട്ടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മർദനമേറ്റ പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്കർ, അധ്യാപകൻ കെ.പി.രമേശൻ എന്നിവരെയും എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ബി.ആർ.അഭിനവിനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ ഹെൽപ് ഡെസ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വാക്കേറ്റമുണ്ടായതിനിടെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പരുക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ അനുവദിച്ചില്ല. ഇതോടെ മറ്റ് അധ്യാപകർ ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെയാണു രമേശനു പരുക്കേറ്റത്.
പ്രിൻസിപ്പൽ അഭിനവിനെ മർദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. അഭിനവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൊയിലാണ്ടി പൊലീസ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു. പ്രിൻസിപ്പലിന്റെ പരാതിയിലും എസ്എഫ്ഐയുടെ പരാതിയിലും കേസെടുത്തതായി പൊലീസ് പറഞ്ഞു. പ്രിൻസിപ്പലിനെ എസ്എഫ്ഐ ആക്രമിച്ചതിൽ കോളജ് ജീവനക്കാർ പ്രതി ഷേധിച്ചു.
പ്രിൻസിപ്പൽ പറയുന്നത്: കോളജിൽ 4 വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ് ഡെസ്ക് തുടങ്ങണമെന്ന ആവശ്യവുമായി കുറച്ചു കുട്ടികൾ സമീപിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ഓൺലൈൻ മീറ്റിങ് നടക്കുന്നതിനാൽ 10 മിനിറ്റ് കാത്തിരിക്കാൻ അവരോടു പറഞ്ഞു. അതിനിടെ പുറത്തു നിന്നെത്തിയ സംഘം ഓഫിസിൽ കയറി ആക്രമിക്കുകയായിരുന്നു. കൈക്കു പൊട്ടലുണ്ടെന്നും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്നും അദ്ദേഹം പറഞ്ഞു.