സ്പീക്കർ ഷംസീറിനും മന്ത്രി റിയാസിനും സിപിഎം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം; മേയറെ മാറ്റില്ല, പകരം നല്ല നടപ്പ്
Mail This Article
തിരുവനന്തപുരം ∙ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിനും സ്പീക്കർ എ.എൻ.ഷംസീറിനും വിമർശനം. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണു ചില അംഗങ്ങൾ റിയാസിനെതിരെ തിരിഞ്ഞത്. മുതിർന്ന നേതാവ് റോഡ് പണി നീണ്ടു പോകുന്നതു മൂലം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞതിന്റെ പേരിൽ കരാറുകാരുടെ ഏജന്റായി ചിത്രീകരിക്കുന്നത് മര്യാദ അല്ലെന്ന വിമർശനമാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ ഉണ്ടായത്.
ബിജെപി ബന്ധമുള്ള വ്യവസായിയുമായുള്ള അടുപ്പത്തിന്റെ പേരിൽ ചിലർ സ്പീക്കറെ വിമർശിച്ചു. ഈ വ്യവസായിക്കു മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാതന്ത്ര്യം ഉണ്ടെന്ന് ആരോപിച്ചതിന്റെ പേരിൽ ജില്ലാ സെക്രട്ടറി വി.ജോയിയും അംഗവും തമ്മിൽ കോർത്തു. ഇത്തരം ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ അരുതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് നിഷ്കർഷിച്ചു. ആരോപണം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും തമ്മിലെ വ്യവസായ ബന്ധവും ആക്ഷേപത്തിനു വിധേയമായി.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയും സിഎംആർഎലും ഏർപ്പെട്ട കരാറിനെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്കു എം.സ്വരാജ് നൽകിയ മറുപടി ഇങ്ങനെ: ‘വാഷിങ് മെഷീൻ പോലെയുള്ള ഉപകരണങ്ങൾ വാങ്ങുമ്പോഴുള്ള വാർഷിക അറ്റകുറ്റപ്പണി കരാർ (എഎംസി) പാലിക്കാൻ ഇരുകൂട്ടരും ബാധ്യതപ്പെട്ടവരാണല്ലോ. അതുപോലെ ഏർപ്പെട്ട കരാറാണ് വിവാദത്തിലായതെന്നാണു മനസ്സിലാക്കുന്നത്’.
മേയറെ മാറ്റില്ല, പകരം നല്ല നടപ്പ്
മേയർ ആര്യ രാജേന്ദ്രനെതിരെ ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉയർന്നെങ്കിലും മേയറെ ഉടൻ മാറ്റില്ല. എന്നാൽ പ്രവർത്തനവും ശൈലിയും അവർ മെച്ചപ്പെടുത്തിയേ തീരൂവെന്ന് പാർട്ടി നിഷ്ക്കർഷിക്കും. ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വികാരവും അറിയിക്കും.