കൊലക്കേസ് പ്രതികൾ സിപിഎം പ്രവർത്തകർ; സിബിഐയെ തടയാൻ വക്കീൽ ഫീസായി സർക്കാർ നൽകിയത് കോടികൾ
Mail This Article
തിരുവനന്തപുരം∙ പിണറായി സർക്കാരുകളുടെ കാലയളവിൽ ഹൈക്കോടതിയിൽ പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനത്തിനു ഖജനാവിൽ നിന്നു നൽകിയ ഫീസ് 8.94 കോടി രൂപ. ഇതിൽ 2.72 കോടി കണ്ണൂരിൽ സിപിഎം പ്രവർത്തകർ പ്രതികളായ കൊലപാതകക്കേസുകൾ സിബിഐക്കു വിടുന്നതിനെതിരെ വാദിച്ചതിനുള്ളതാണ്. 21 കേസുകളിലാണു പുറമേ നിന്നുള്ള അഭിഭാഷകർ ഹാജരായത്. ഇവരുടെ യാത്രച്ചെലവായി 24.94 ലക്ഷം രൂപയും ഹോട്ടൽ താമസത്തിന് 8.59 ലക്ഷവും പുറമേ ചെലവിട്ടു.
പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണത്തിനെതിരെ മൂന്ന് അഭിഭാഷകർ വാദിച്ചതിനു ഫീസായി മാത്രം 88 ലക്ഷം രൂപ നൽകി. ഇതേ ആവശ്യത്തിനു ഷുഹൈബ് കേസിൽ മുടക്കിയത് 86.40 ലക്ഷം രൂപയാണ്. കണ്ണൂരിലെ സിപിഎം പ്രവർത്തകർ പ്രതികളായ രാഷ്ട്രീയ കൊലപാതകക്കേസുകൾ സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് തലശ്ശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റ് നൽകിയ ഹർജിക്കെതിരെ 98 ലക്ഷം രൂപയാണു വക്കീൽ ഫീസായി സർക്കാർ നൽകിയത്.
ഹരിൻ പി.റാവൽ, മനീന്ദർ സിങ്, പ്രഭാസ് ബജാജ്, രഞ്ജിത് കുമാർ, വിജയ് ഹൻസാരിയ തുടങ്ങിയവരാണ് ഈ കേസുകളിൽ ഹാജരായത്. 10.09 ലക്ഷം രൂപ യാത്രച്ചെലവിനും 3.57 ലക്ഷം രൂപ ഹോട്ടൽ താമസത്തിനും ഈ കേസുകളിൽ ഇവർക്കായി ചെലവിട്ടു. നിയമസഭയിൽ സണ്ണി ജോസഫിന്റെ ചോദ്യത്തിനു മന്ത്രി പി.രാജീവാണു മറുപടി നൽകിയത്.