വിസി നിയമനത്തിനു സേർച് കമ്മിറ്റി: ഗവർണറുടെ നീക്കത്തിനെതിരെ നിയമനടപടിക്ക് സർക്കാർ; എജിയോട് ഉപദേശം തേടി
Mail This Article
തിരുവനന്തപുരം∙ ആറു സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ ഗവർണർ സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടി. യുജിസിയുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ കേസ് നടത്തി അനുഭവസമ്പത്തുള്ള ചില അഭിഭാഷകരുടെ സേവനവും അനൗദ്യോഗികമായി തേടുന്നുണ്ട്. ചില സംസ്ഥാനങ്ങളിൽ ഗവർണർമാർ സർവകലാശാലാ പ്രതിനിധിയില്ലാതെ സേർച് കമ്മിറ്റി രൂപീകരിച്ച നടപടിയിൽ കോടതിയുടെ ഇടപെടൽ എന്തായിരുന്നുവെന്നും പരിശോധിക്കുന്നു.
സേർച് കമ്മിറ്റി വിജ്ഞാപനത്തിൽ ആക്ഷേപമുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്ഥിരം വിസിമാരെ നിയമിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു ഡോ.മേരി ജോർജ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണു സർക്കാർ ഇക്കാര്യമറിയിച്ചത്. ആറിടത്തു സേർച് കമ്മിറ്റി രൂപീകരിച്ചെന്നു ഗവർണറുടെ അഭിഭാഷകൻ അറിയിച്ചു.
ഡൽഹിയിൽ നിന്ന് ഇന്നലെ കൊച്ചിയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നുച്ചയ്ക്കു തലസ്ഥാനത്തു മടങ്ങിയെത്തും. കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ 11നു സ്ഥാനമൊഴിയുകയാണ്. ഇതുൾപ്പെടെ സ്ഥിരം വിസി ഇല്ലാത്ത മറ്റു സർവകലാശാലകളിൽ കൂടി സേർച് കമ്മിറ്റി രൂപീകരിച്ചു ഗവർണർ വിജ്ഞാപനമിറക്കുമോ എന്നാണു സർക്കാർ ഉറ്റുനോക്കുന്നത്.
ഇതിനുള്ള തയാറെടുപ്പു നടത്താൻ ഗവർണർ നേരത്തേ രാജ്ഭവൻ അധികൃതരോടു നിർദേശം നൽകിയിരുന്നു. സർക്കാർ നിയമനടപടിയെക്കുറിച്ച് ആലോചിക്കുകയാണെങ്കിലും ഗവർണർ നിയമിച്ച സേർച് കമ്മിറ്റിയിലെ അംഗങ്ങളുമായി താൽക്കാലിക വിസിമാർ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഈ വിസിമാരെല്ലാം ചാൻസലറുടെ നോമിനികളാണെന്ന പ്രത്യേകതയുണ്ട്.