ADVERTISEMENT

കാസർകോട് ∙ കാസർകോട് ഗവ. കോളജിൽ എസ്എഫ്ഐ നടത്തിയ ക്രിമിനൽ പ്രവർത്തനങ്ങളെ ചോദ്യംചെയ്തതിന്റെ പേരിൽ തന്റെ പെൻഷൻ സർക്കാർ ഇപ്പോഴും തടഞ്ഞുവച്ചിരിക്കുകയാണെന്നു കാസർകോട് ഗവ.കോളജ് മുൻ പ്രിൻസിപ്പൽ ഡോ. എം.രമ പറഞ്ഞു. പെൻഷൻ തടഞ്ഞുവച്ചതടക്കം രമയ്ക്കെതിരെയുള്ള നടപടികൾ ഹൈക്കോടതി റദ്ദാക്കിയിട്ടും സർക്കാർ നിലപാടിൽ മാറ്റമില്ല. കോളജിൽ എസ്എഫ്ഐ വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഹരി ഉപയോഗവും അസാന്മാർഗിക പ്രവർത്തനങ്ങളും നടക്കുന്നതായി രമ ആരോപിച്ചിരുന്നു. 

സ്ഥലംമാറ്റിയതും പെൻഷൻ തടഞ്ഞതുമടക്കമുള്ള നടപടികൾ റദ്ദാക്കി കഴിഞ്ഞ ഏപ്രിൽ ആദ്യവാരമാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവിന്റെ കോപ്പി സഹിതം പെൻഷനു വേണ്ടി വീണ്ടും അപേക്ഷിച്ചു. ഹൈക്കോടതി ഉത്തരവിറങ്ങി 3 മാസം പിന്നിട്ടിട്ടും രമയ്ക്കു പെൻഷൻ കിട്ടിയിട്ടില്ല. ഇതിനെതിരെ അവസാനം ജോലി ചെയ്ത മഞ്ചേശ്വരം ഗവ.കോളജിലേക്കും ഡയറക്ടർക്കും എല്ലാ ആഴ്ചയും കത്ത് അയച്ചുകൊണ്ടിരിക്കുകയാണു രമ.

‘അപേക്ഷ പരിശോധിച്ചു കൊണ്ടിരിക്കുന്നു’ എന്നായിരുന്നു ഇത്രനാളും മറുപടി. പരാതി സർക്കാരിലേക്ക് അയച്ചതായാണ് അവസാനം കൊളീജിയറ്റ് ഡയറക്ടറേറ്റിൽ നിന്നു ലഭിച്ച മറുപടി. എസ്എഫ്ഐക്കെതിരെ ശബ്ദിച്ചതിന് സർക്കാരിന്റെ പകപോക്കൽ തുടരുകയാണ് എന്നതാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്.’– രമ പറയുന്നു. വിരമിക്കുന്നതിന്റെ തലേന്ന് അച്ചടക്ക നടപടിക്കു മുന്നോടിയായുള്ള കാരണംകാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഈ നടപടി പെൻഷൻ ആനുകൂല്യങ്ങൾ തടയാനാണെന്ന് അന്നേ ആരോപണമുയർന്നു.

അധ്യാപകരും ഉത്തരവാദികൾ 

‘കൊയിലാണ്ടി ഗുരുദേവ കോളജ് അൺ എയ്ഡഡ് കോളജ് ആയതിനാലും സിപിഎം അനുകൂല ഗവ.കോളജ് അധ്യാപക സംഘടനയായ എകെജിസിടിഎയുടെ സാന്നിധ്യം അവിടെ ഇല്ലാത്തതിനാലും അധ്യാപകർ ധൈര്യപൂർവം എസ്എഫ്ഐക്കെതിരെ നിന്നു. സർക്കാർ കോളജുകളിൽ അതല്ല സ്ഥിതി. 

കാസർകോട് ഗവ.കോളജിൽ എല്ലാ ന്യായവും തെളിവും എനിക്ക് അനുകൂലമായിരുന്നു. എന്നിട്ടും അധ്യാപകരാരും കൂടെനിന്നില്ല. എസ്എഫ്ഐയെ പിന്തുണയ്ക്കാൻ അധ്യാപകരിൽ ചിലരും കളവു പറഞ്ഞു’. – എം.രമ, കാസർകോട് ഗവ.കോളജ് മുൻ പ്രിൻസിപ്പൽ 

English Summary:

Principal who questioned SFI has no pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com