2965 സ്കൂൾ വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ അപൂർണം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകളിലെ 2965 വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ അപൂർണം. ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതാണ് കാരണമെന്ന് ഐടി മിഷൻ. കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയാണ് ഐടി മിഷൻ. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജനനസമയത്തോ അതിനുശേഷമോ ആധാർ റജിസ്ട്രേഷൻ നടത്തുമ്പോൾ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാറില്ല. മാതാപിതാക്കളുടെ ആധാർ രേഖ പ്രകാരം കുട്ടികൾക്ക് ആധാർ നൽകുകയാണ് ചെയ്യുക. 5 വയസ്സ് കഴിയുമ്പോഴും 15 വയസ്സ് കഴിയുമ്പോഴും ബയോമെട്രിക് രേഖകൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിബന്ധന.
ആധാർ നമ്പർ ഉണ്ടെങ്കിലും ഈ രണ്ടു ഘട്ടങ്ങളിലും വിരലടയാളം, കൃഷ്ണമണി ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാർ റദ്ദാകും. ചൈൽഡ് ആധാറിൽ മൊബൈൽ നമ്പർ ബന്ധിപ്പിക്കാത്തതിനാൽ പലർക്കും ഇതുസംബന്ധിച്ച് എസ്എംഎസ് ഓർമപ്പെടുത്തലുകളും ലഭിക്കാറില്ല. ജനനസമയത്ത് ആധാർ എടുത്ത കാര്യം മറന്നുപോകുന്നതിനാൽ ചിലർ കുട്ടികൾക്ക് വീണ്ടും ആധാർ എടുക്കുന്നത് ആധാർ ഇരട്ടിപ്പിനും കാരണമാകാം. ഇതെല്ലാം സ്കൂൾ കണക്കെടുപ്പിൽ പ്രതികൂലമായി ബാധിക്കും.
സ്കൂൾ തസ്തിക നിർണയത്തിന്റെ ഭാഗമായുള്ള കണക്കെടുപ്പിലാണ് 2965 വിദ്യാർഥികളുടെ ആധാർ രേഖകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയത്. ഇത്തരത്തിൽ ആധാർ രേഖയില്ലാത്ത കുട്ടികൾക്ക് മറ്റു രേഖകളുടെ അടിസ്ഥാനത്തിൽ അംഗീകാരം നൽകുന്നതിന് 24 വരെ വിദ്യാഭ്യാസ വകുപ്പ് അവസരം നൽകിയിട്ടുണ്ട്.
കുട്ടികളുടെ ആധാർ: ഇക്കാര്യം ശ്രദ്ധിക്കാം
∙ കുട്ടികളുടെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും നിർബന്ധമായും ആധാർ ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.
∙ ഓരോ തവണയും രണ്ടുവർഷം വരെ ആധാർ പുതുക്കാൻ കാലയളവ് ഉണ്ടായിരിക്കും. 17 വയസ്സിലും പുതുക്കൽ നടന്നില്ലെങ്കിൽ ആധാർ റദ്ദാകും.
∙ സ്കോളർഷിപ്പുകൾ, റേഷൻ കാർഡിലെ പേരു ചേർക്കൽ, സ്കൂൾ/കോളജ് അഡ്മിഷൻ, എൻട്രൻസ്/പിഎസ്‌സി പരീക്ഷകൾ, ഡിജിലോക്കർ, പാൻ കാർഡ് എന്നിവയ്ക്ക് ആധാർ കാർഡ് നിർബന്ധമാണ്.
∙ സംശയങ്ങൾക്കും സേവനങ്ങൾക്കും: 0471–2525442