മണിച്ചിത്രത്താഴും മരമടിയും
Mail This Article
നജീബ് കാന്തപുരം അടിയന്തരപ്രമേയ നോട്ടിസുമായി എത്തിയപ്പോൾ പെരിന്തൽമണ്ണക്കാർക്കു കൊടുത്ത റോഡിന്റെയും പാലത്തിന്റെയും പട്ടിക പക്കലുള്ളതിന്റെ ആത്മവിശ്വാസത്തിലായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കാന്തപുരം മണിച്ചിത്രത്താഴിലെ ‘നാഗവല്ലിയായി’ മാറുമെന്നു മന്ത്രി തീർത്തും വിചാരിച്ചില്ല. ‘മണിച്ചിത്രത്താഴിൽ’ വെള്ളം പേടിച്ച് കുതിരവട്ടം പപ്പു ചാടിച്ചാടിപ്പോകുന്നത് ചിത്രം കണ്ടവർ മറക്കില്ല. റോഡിൽ ഇറങ്ങുന്ന ഒരു ശരാശരി മലയാളി കുഴി പേടിച്ച് അതേ അവസ്ഥയിലാണെന്നു നജീബ് പരിതപിച്ചു.
മണിച്ചിത്രത്താഴിലെ ‘ഗംഗ’യായി നജീബ് വരുമെന്നു വിചാരിച്ച റിയാസിന് തെറ്റി.‘താങ്കൾ ഗംഗാ ശോഭന അല്ല, നാഗവല്ലി ശോഭനയാണ്’. ടാറിട്ടു മിനുക്കിയ റോഡ് കീറി മുറിക്കുന്നതിന് പുതിയൊരു കാരണം കൂടി മന്ത്രി കണ്ടെത്തി– കൂടോത്രം സ്ഥാപിക്കൽ!
റിയാസിന്റെ പ്രസംഗത്തിൽ സ്പീക്കർ എ.എൻ.ഷംസീർ ഇടപെട്ടില്ല. ആ പരാതിയുമായി എഴുന്നേറ്റത് മുൻ സ്പീക്കർ കൂടിയായ മന്ത്രി എം.ബി.രാജേഷാണ്. കാന്തപുരത്തിന് 16 മിനിറ്റ് കൊടുത്ത സ്പീക്കർ മന്ത്രിമാരുടെ പ്രസംഗത്തിൽ കർക്കശക്കാരനാകുന്നതിലെ അതൃപ്തി മൂർച്ചയോടെ തന്നെയാണ് രാജേഷ് പറഞ്ഞത്. ക്ലോക്കിനു പിഴച്ചതാണെന്നും നജീബ് 10 മിനിറ്റാണ് എടുത്തതെന്നും അതേ നാണയത്തിൽ സ്പീക്കർ തിരിച്ചടിച്ചപ്പോൾ ഈർഷ്യ സഭ മണത്തു.
വെള്ളിയാഴ്ചകളിലെ സ്വകാര്യബില്ലുകളിൽ ഭൂരിഭാഗവും ‘ സ്വച്ഛന്ദമൃത്യു ’ അടയുകയാണു പതിവ്. എന്നാൽ കെ.ഉബൈദുല്ലയുടെ പാചകത്തൊഴിലാളി ക്ഷേമനിധി ബില്ലിന് ജീവൻവയ്ക്കുമെന്ന സൂചന മന്ത്രി വി.ശിവൻകുട്ടി നൽകി. പത്തു ലക്ഷത്തോളം വരുന്ന കുട്ടികളെ തീറ്റിപ്പോറ്റുന്ന അമ്മമാരെ കൈ വിടില്ലെന്നു മന്ത്രി പറഞ്ഞു. രാവിലെ ഇറങ്ങുന്ന ഭർത്താവ് ഉച്ചയ്ക്ക് ഊണിനു വരുമോയെന്നു ചോദിക്കുന്ന ഭാര്യമാർക്ക് കുഞ്ഞുങ്ങളുടെ കാര്യത്തിൽ അതേ ശ്രദ്ധയില്ലെന്ന ഉബൈദുല്ലയുടെ പരാതിയോടു മന്ത്രി, പക്ഷേ യോജിച്ചില്ല. ‘ഞങ്ങളുടെ വീടുകളിൽ കുഞ്ഞുങ്ങളുടെ കാര്യം തന്നെയാണ് മുഖ്യം.’
ജി.എസ്.ജയലാലിന്റെ പ്രസംഗം കേട്ട ആരും പണ്ട് മരമടി മത്സരത്തിന് ഇറങ്ങിയിരുന്ന ഉരുക്കുൾ എത്ര ഭാഗ്യം ചെയ്തവർ എന്നു വിചാരിച്ചു പോകും. പുലർച്ചെ കരിങ്കോഴി സത്ത്, രാവിലെയും വൈകിട്ടും ഓരോ ലീറ്റർ പാൽ, അരിക്കഞ്ഞിയും ബാർളിയും പരുത്തിപ്പിണ്ണാക്കും കരിക്കും മുട്ടയും ഇടവേളകളിൽ, ഉലുവ വേവിച്ച് കരിപ്പെട്ടിയിൽ കലർത്തി ആവശ്യം പോലെ, വെറും വെള്ളത്തിലും പോരാഞ്ഞ് സോപ്പ് വെള്ളത്തിലും കുളി, ചെറു ചൂടുവെള്ളത്തിൽ തുണി മുക്കി ഒപ്പിയെടുക്കൽ, ഇതെല്ലാം കഴിഞ്ഞ് ദശമൂലാരിഷ്ടം! ഇങ്ങനെയൊക്കെ പരിപാലിച്ചിട്ടും നടക്കുന്നതു മൃഗപീഡനമാണെന്ന ആരോപണത്തിൽ ജയലാൽ മനം നൊന്തു. പി.എസ്.സുപാൽ അതോടെ ജയലാലിനെ ആസ്ഥാന മരമടി വിദഗ്ധനായി പ്രഖ്യാപിച്ചു. ഇതുകൊണ്ടൊന്നും ഇരുവരുടെയും പാർട്ടിക്കാരനായ സിപിഐ മന്ത്രി പി.പ്രസാദിന്റെ കരളലിഞ്ഞില്ല. മൃഗയാവിനോദങ്ങൾ നിരോധിച്ചതിനാൽ ജയലാലിന്റെ മരമടി കാർഷികാഘോഷ സംരക്ഷണ ബിൽ മന്ത്രി മാറ്റിവച്ചു.
പ്ലേ സ്കൂളുകൾക്ക് റജിസ്ട്രേഷൻ അതോറിറ്റി വേണമെന്ന പി.സി.വിഷ്ണുനാഥിന്റെ ബില്ലും ഹോട്ടലുകളിലെ വില ഏകീകരണം ആവശ്യപ്പെട്ട പി.പി.ചിത്തരഞ്ജന്റെ ബില്ലും തുടർചർച്ചയ്ക്കായി നീട്ടി.
∙ ഇന്നത്തെ വാചകം
‘ചൊറിയുന്നിടത്ത് മാന്തിയാലുള്ള ആത്മസുഖത്തെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കയ്യിൽനിന്നു പോയതിന്റെ ചൊറിച്ചിൽ മൂത്ത ലീഗുകാർ പക്ഷേ ശരീരം മാന്തി മുറിവേൽപിക്കരുത്’ – മന്ത്രി പി.എ.മുഹമ്മദ് റിയാസ്.