ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാല കാര്യവട്ടം ക്യാംപസിൽ കെഎസ്‌യു ജില്ലാ സെക്രട്ടറി സാൻ ജോസിനെ എസ്എഫ്ഐക്കാർ ഹോസ്റ്റലിലേക്കു പിടിച്ചുകൊണ്ടുപോയി മർദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പൊലീസ്. റിസർച്ചേഴ്സ് യൂണിയൻ ചെയർമാനും എസ്എഫ്ഐ നേതാവുമായ അജിന്ത് അജയ്, എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അഭിജിത് എന്നിവരടക്കം 21 പേർക്കെതിരെ കേസ് എടുത്തെങ്കിലും ഇവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

അന്യായമായി തടഞ്ഞു വയ്ക്കൽ, മർദനം, ആയുധം കാട്ടി ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് . സംഭവത്തെ തുടർന്ന് ശ്രീകാര്യം പൊലീസ് സ്റ്റേഷനു മുന്നിലും ജംക്‌ഷനിലുമുണ്ടായ പ്രതിഷേധങ്ങളുടെയും സംഘർഷങ്ങളുടെയും പേരിൽ എസ്എഫ്ഐക്കാർക്കെതിരെ രണ്ടു കേസുകളും  കെഎസ്‌യു പ്രവർത്തകരെയും  എംഎൽഎമാരായ എം.വിൻസന്റ്, ചാണ്ടി ഉമ്മൻ എന്നിവരെയും പ്രതിയാക്കി ഒരു കേസും റജിസ്റ്റർ ചെയ്തിരുന്നു. പരുക്കേറ്റവരുമായി ഗവ.മെഡിക്കൽ കോളജിൽ എത്തിയ കെഎസ്‌യു പ്രവർത്തകരെ മർദിച്ച കേസിൽ മെഡിക്കൽ കോളജ് പൊലീസും എസ്എഫ്ഐക്കാർക്കെതിരെ  കേസ് എടുത്തിട്ടുണ്ട്. ഈ കേസുകളിലും തുടർ നടപടികളുണ്ടായിട്ടില്ല. 

കെഎസ്‌യു നേതാവിനെ മർദിച്ചവർക്കെതിരെ കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ നടത്തിയ പ്രതിഷേധത്തിനിടെ കല്ലേറിൽ പൊലീസ് ഓഫിസർക്ക് നെഞ്ചിനു പരുക്കേറ്റിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയിലാണ്  എംഎൽഎമാരെ മുഖ്യപ്രതികളാക്കി കേസ് എടുത്തത്. അന്യായമായി സംഘം ചേർന്ന് സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. 

എം.വിൻസന്റ് എംഎൽഎയെ എസ്എഫ്ഐക്കാർ കയ്യേറ്റം ചെയ്തത് പൊലീസുകാർക്കു മുന്നിലാണെങ്കിലും ഇതിൽ കേസ് എടുക്കാൻ തയാറായിട്ടില്ല.സ്വമേധയാ കേസെടുക്കാമെന്നിരിക്കെ അതു ചെയ്യാതെ എസ്എഫ്ഐ അതിക്രമങ്ങൾക്ക് പൊലീസ് ഒത്താശ ചെയ്യുകയാണെന്ന് എം.വിൻസന്റ് ആരോപിച്ചു.

English Summary:

Police not arresting SFI members in karyavattam campus issue saying they are absconding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com