വ്യാജ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്: പരാതികളിൽ അന്വേഷണം തുടരാൻ പൊലീസ്
Mail This Article
കോട്ടയം ∙ വാഹനങ്ങളുടെ വ്യാജ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) സംബന്ധിച്ചു ലഭിച്ച പരാതികളിലെ അന്വേഷണം പുനരാരംഭിക്കാൻ പൊലീസ്. വ്യാജ ആർസി ഉണ്ടാക്കുന്നുവെന്ന മോട്ടർ വാഹന വകുപ്പിന്റെ കണ്ടെത്തലിനെത്തുടർന്നാണു തീരുമാനം. വ്യാജ ആർസി സംബന്ധിച്ചു സംസ്ഥാനത്തു വിവിധയിടങ്ങളിൽ പൊലീസിനു പരാതി ലഭിച്ചിരുന്നെങ്കിലും അന്വേഷണത്തിൽ ഇതു മോട്ടർ വാഹന വകുപ്പ് വിതരണം ചെയ്തതാണെന്നു ബോധ്യപ്പെട്ടിരുന്നു. തുടർന്ന് അന്വേഷണം വഴിമുട്ടിയിരുന്നു. എന്നാൽ വായ്പ തിരിച്ചടവ് മുടങ്ങുന്ന വാഹനങ്ങളുടെ ആർസി, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ പരിവാഹൻ സോഫ്റ്റ്‌വെയറിലെ ഫെയ്‌സ്‌ലെസ് ആപ്ലിക്കേഷനിലൂടെ വ്യാജമായി ഉണ്ടാക്കുന്നുവെന്ന മോട്ടർ വാഹന വകുപ്പിന്റെ കണ്ടെത്തൽ വന്നതോടെ അന്വേഷണം തുടരാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
മലപ്പുറം തിരൂരങ്ങാടി സബ് ആർടിഒ ഓഫിസിൽ 7 വ്യാജ ആർസി നിർമിച്ചെന്ന പരാതിയിലാണു പരിവാഹനിലെ ആപ്ലിക്കേഷൻ ദുരുപയോഗം ചെയ്ത് വ്യാജ ആർസി ഉണ്ടാക്കുന്നതായി കണ്ടെത്തിയത്. അതിനിടെ, ആർസി ഉടമസ്ഥാവകാശം മാറ്റാനുള്ള എല്ലാ ഓൺലൈൻ അപേക്ഷകളിലും വാഹന ഉടമയെ നേരിൽ കണ്ടശേഷം തീരുമാനമെടുത്താൽ മതിയെന്നും ഉടമ മരിച്ചു പോയതാണെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് വാങ്ങി പരിശോധിക്കണമെന്നും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.