15 കേസിൽ മാത്രം 1157 കോടി രൂപയുടെ തട്ടിപ്പ്; ഹൈറിച്ച് കേസിൽ ഇ.ഡി റിപ്പോർട്ട് കോടതിയിൽ
Mail This Article
കൊച്ചി ∙ സാധാരണക്കാരുടെ സമ്പത്തു തട്ടിയെടുക്കാൻ ഹൈറിച്ച് ഓൺലൈൻ ഷോപ്പി മാനേജിങ് ഡയറക്ടർ കെ.ഡി.പ്രതാപൻ ഒരുക്കിയതു തട്ടിപ്പു കമ്പനികളുടെ വ്യാജ ബിസിനസ് പ്രപഞ്ചം തന്നെയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ ബോധിപ്പിച്ചു. മണി ചെയിൻ തട്ടിപ്പിന്റെ മാതൃകയിൽ 3141 കോടി രൂപയുടെ നിക്ഷേപമാണു ഹൈറിച്ച് കമ്പനി സ്വീകരിച്ചിട്ടുള്ളത്.
കേരള പൊലീസ് റജിസ്റ്റർ ചെയ്ത 15 കേസുകളിൽ തന്നെ 1157 കോടി രൂപയുടെ തട്ടിപ്പ് ഇ.ഡി കണ്ടെത്തിയതായി സ്പെഷൽ പ്രോസിക്യൂട്ടർ എം.ജെ.സന്തോഷ് കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ പ്രതിക്കു ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഈ മാസം 19 വരെ കെ.ഡി.പ്രതാപനെ കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനായി അടുത്ത ദിവസം അപേക്ഷ സമർപ്പിക്കും. ഇ.ഡി അസി.ഡയറക്ടർ ജി.ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. തട്ടിയെടുത്ത പണം പ്രതി ഡിജിറ്റൽ കറൻസിയായി വിദേശത്തേക്കു കടത്തിയ സാഹചര്യത്തിൽ ഡിജിറ്റൽ ഫൊറൻസിക് കുറ്റാന്വേഷണ വിദഗ്ധരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും.
വ്യാജ ക്രിപ്റ്റോ കറൻസിയുടെ മറവിൽ കോടികൾ റാഞ്ചി
കൊച്ചി ∙ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയിൽ പണം നിക്ഷേപിച്ചാൽ 10 മടങ്ങു വരെ ലാഭമാണു കെ.ഡി.പ്രതാപൻ വാഗ്ദാനം ചെയ്തിരുന്നതെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇ.ഡി പറയുന്നു. ഹൈറിച്ച് സ്മാർട്ട് ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പുറത്തിറക്കിയതായി വ്യാജമായി പ്രചരിപ്പിച്ച ഹൈ–റിച്ച് (എച്ച്ആർ) ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ 15% ഇൻസെന്റീവും 500% വാർഷിക ലാഭവിഹിതവും വാഗ്ദാനം ചെയ്തിരുന്നു. ഇതിലേക്ക് അംഗങ്ങളെ ചേർക്കുന്നവർക്കു പുതിയ അംഗങ്ങൾ നിക്ഷേപിക്കുന്ന തുകയുടെ 30% കമ്മിഷനും വാഗ്ദാനം ചെയ്തു. ‘എച്ച്–ആർ ക്രിപ്റ്റോ’ എന്ന ഒരു ഡിജിറ്റൽ കറൻസി ഇല്ലാതെയാണ് ഇതിനു വേണ്ടി പ്രത്യേക വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പു നടത്തിയത്.
ഇതേ വ്യാജ വെബ്സൈറ്റ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി നിർമിക്കുന്ന സിനിമകൾക്കു പണം മുടക്കുന്നവർക്ക് 50% ലാഭവിഹിതമാണു വാഗ്ദാനം ചെയ്തത്. ഒടിടി പ്ലാറ്റ്ഫോമിനു 10 ലക്ഷം വരിക്കാരുണ്ടെന്നും വ്യാജമായി കാണിച്ചിരുന്നു. സാധ്യതയില്ലാത്ത സാധാരണക്കാരെ ആകർഷിക്കാനാണു ‘ഹൈറിച്ച് പലചരക്ക് ഷോപ്പി’ തുടങ്ങിയത്. ഇതിൽ അംഗങ്ങളാകുന്നവർക്കു പലചരക്കു സാധനങ്ങൾക്കു 30% വിലക്കുറവ് വാഗ്ദാനം ചെയ്തു. 800 രൂപയാണ് അംഗത്വ ഫീസ്. അംഗങ്ങളെ ചേർക്കുന്നവർക്കു 12.50% കമ്മിഷനു ണ്ടായിരുന്നു.
വ്യാജ ഡിജിറ്റൽ കറൻസി നിക്ഷേപത്തിലൂടെ സ്വരൂപിച്ച തുക 5 അക്കൗണ്ടുകളിലേക്കു മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി.
അക്കൗണ്ടുകളും തുകയും: വി.റിയാസ് (18.26 കോടി രൂപ), രാഹുൽ ഗന്ധരാജ് നെർക്കർ (10.06 കോടി), രാജ്കുമാർ മാൻഹർ (7.96 കോടി), കെ.ആർ.ദിനുരാജ് (5.97 കോടി), സുരേഷ്ബാബു (5.35 കോടി). ഇവർ യഥാർഥത്തിലുള്ള ആൾക്കാരാണോ എന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടില്ല. കമ്പനിയുടെ സിഇഒ പ്രതാപന്റെ ഭാര്യ കെ.എസ്.ശ്രീനയാണ്.