സിഎംആർഎൽ കേസ്: അന്തരിച്ച ഹർജിക്കാരന്റെ അഭിഭാഷകന് ഹാജരാകാൻ കഴിയില്ലെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കും രാഷ്ട്രീയ നേതാക്കൾക്കും ഉൾപ്പെടെ സിഎംആർഎൽ നൽകാത്ത സേവനത്തിനു പ്രതിഫലം നൽകിയെന്ന വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിൽ അഭിഭാഷകനു ഹാജരാകാൻ കഴില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
ഹർജി ഹൈക്കോടതിയിൽ നിലനിൽക്കെ, ഗിരീഷ് ബാബു അന്തരിച്ചു. തുടർന്ന് അഭിഭാഷകൻ പിന്മാറുകയാണെന്ന് കോടതിയെ അറിയിച്ചിരുന്നു. തുടർന്ന്, റിവിഷൻ പെറ്റിഷനിൽ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു നടപടി തുടർന്നു. എന്നാൽ സമാന വിഷയത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി പരിഗണിച്ചപ്പോൾ തന്നെയും കേൾക്കണമെന്ന് ഗിരീഷ് ബാബുവിന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഹർജി ഉപേക്ഷിച്ചെന്ന് അഭിഭാഷകൻ നേരത്തെ അറിയിച്ചതിനാൽ ഹർജിയിൽ ഹാജരാകാൻ നിയമാധികാരം ഇല്ലെന്നും ഗിരീഷ് ബാബുവിന്റെ അടുത്ത ബന്ധുക്കളുടെ ഹർജിയുണ്ടെങ്കിൽ പരിഗണിക്കാമെന്നും ജസ്റ്റിസ് കെ.ബാബു വ്യക്തമാക്കി. തുടർന്ന് കേസ് മാത്യു കുഴൽ നാടൻ എംഎൽഎയുടെ ഹർജിക്കൊപ്പം 8ന് പരിഗണിക്കാൻ മാറ്റി.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെയാണു ഗിരീഷ് ബാബു റിവിഷൻ പെറ്റീഷൻ നൽകിയത്. മുഖ്യമന്ത്രിക്കു പുറമേ യുഡിഎഫ് നേതാക്കളെയും എതിർകക്ഷികളാക്കിയാണ് പരാതി.