ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം തുക കൂട്ടും. നിലവിൽ 500 രൂപയാണ് പ്രതിമാസ പ്രീമിയമായി ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും ഇൗടാക്കുന്നത്. ഇതു വർധിപ്പിക്കാതെ പദ്ധതിയുടെ രണ്ടാം ഘട്ടവുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നാണു സർക്കാർ വിലയിരുത്തൽ. വർഷം 450 കോടി രൂപയുടെ ഇൻഷുറൻസ് ക്ലെയിം ഉണ്ടാകുമെന്നായിരുന്നു പദ്ധതി ആരംഭിച്ചപ്പോൾ സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ, 600 കോടി രൂപ കവിയുന്ന അവസ്ഥയാണു കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കണ്ടത്. പ്രീമിയം തുക കൂട്ടണമെന്നു പദ്ധതി നടപ്പാക്കുന്ന ദി ഓറിയന്റൽ ഇൻഷുറൻസ് കമ്പനി 2 വട്ടം ധനവകുപ്പിനു കത്തെഴുതിയിരുന്നെങ്കിലും സർക്കാർ വഴങ്ങിയില്ല.

നിലവിൽ 2 മുഖ്യ പ്രശ്നങ്ങളാണു പദ്ധതി നേരിടുന്നത്. ഒന്ന്, ചികിത്സയ്ക്കു ചെലവാകുന്ന പണം മുഴുവൻ ഇൻഷുറൻസ് കമ്പനി ആശുപത്രികൾക്കു നൽകാൻ തയാറാകുന്നില്ല. രോഗി സ്വന്തം പോക്കറ്റിൽ നിന്നു ബാക്കി പണം നൽകേണ്ടി വരുന്നു. രണ്ട്, ഓരോ ചികിത്സയ്ക്കും ഇൻഷുറൻസ് കമ്പനി നിശ്ചയിച്ചിരിക്കുന്ന നിരക്ക് കുറവായതിനാൽ പദ്ധതിയിൽ ചേരാൻ ആശുപത്രികളും മടിക്കുന്നു. രണ്ടു പ്രശ്നങ്ങളും പരിഹരിക്കാൻ പ്രീമിയം തുക കൂട്ടുകയാണു മാർഗമെന്നാണു ധനവകുപ്പിന്റെ വിലയിരുത്തൽ. 2025 ജൂൺ 30നാണ് ഇൻഷുറൻസ് കമ്പനിയുമായുള്ള 3 വർഷത്തെ കരാർ അവസാനിക്കുന്നത്.

ജീവനക്കാരുടെയും പെൻ‌ഷൻകാരുടെയും സംഘടനകളുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കാരണം നടന്നില്ല. 11ന് നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം ചർച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രീമിയം തുക കൂട്ടുകയല്ലാതെ മാർഗമില്ലെന്ന് സർക്കാർ അറിയിക്കും. ഇതിനോടുള്ള പ്രതികരണം അനുസരിച്ചായിരിക്കും തുടർനടപടികൾ. വ്യവസ്ഥകളും നിരക്കുകളും പരിഷ്കരിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയാണ് അടുത്ത നടപടി. മിക്ക കമ്പനികളും പ്രായംചെന്നവർക്കുള്ള ഇൻഷുറൻസിനു പ്രീമിയമായി വർഷം 25,000 രൂപയ്ക്കു മേൽ ഇൗടാക്കുന്നുണ്ട്. മെഡിസെപ്പിൽ വർഷം 6,000 രൂപയാണു പ്രീമിയം.

English Summary:

Medisep will increase the premium amount; Currently the monthly premium amount is 500 rupees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com