ADVERTISEMENT

മലപ്പുറം / പത്തനംതിട്ട ∙ പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതി അടക്കമുള്ളവർക്ക് അംഗത്വം നൽകിയ സിപിഎം നടപടിയെ ന്യായീകരിച്ച് മന്ത്രി വീണാ ജോർജ്. അംഗത്വവും സ്വീകരണവും നൽകിയതിൽ ഒരു ആശങ്കയുമില്ല. തെറ്റായ രീതികളും രാഷ്ട്രീയവും പിന്തുടർന്ന അവർ ഇപ്പോൾ അത് ഉപേക്ഷിച്ച് ശരിയായ പാതയിലാണെന്നും അതുകൊണ്ടാണ് അവർ ചെങ്കൊടിയേന്താൻ തയാറായതെന്നും മന്ത്രി മലപ്പുറം തവനൂരിൽ പറഞ്ഞു.

പത്തനംതിട്ടയിൽ ആയിരക്കണക്കിനു പേരാണ് പാർട്ടിയിലേക്കു വരുന്നത്. കഴിഞ്ഞ ദിവസം അംഗത്വം സ്വീകരിച്ചവരിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരുമുണ്ട്. ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ താൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നെന്നും വീണാ ജോർജ് പറഞ്ഞു. എന്നാൽ പാർട്ടിയിലേക്ക് വരുന്നതോടെ അവരുടെ ക്രിമിനൽ പശ്ചാത്തലം ഇല്ലാതാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.

സിപിഎം പ്രവർത്തകരെ ആക്രമിച്ചതുൾപ്പെടെ കേസുകളിൽ പ്രതിയായ ബിജെപി അനുഭാവിക്ക് അംഗത്വം നൽകിയതിനെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും ന്യായീകരിച്ചു. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രന്റെ പേരിലുള്ള കേസുകൾ അന്ന് പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടായതാണ്. നേരിന്റെ പാതയിൽ വന്നാൽ സ്വീകരിക്കും. ഇയാൾക്കെതിരെ കാപ്പ കേസ് ഉണ്ടെന്ന കാര്യവും ജില്ലാ സെക്രട്ടറി നിഷേധിച്ചു.

തുടർച്ചയായി കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് ശരൺ ചന്ദ്രനെ കഴിഞ്ഞ വർഷം തന്നെ പൊലീസ് രേഖകളിൽ ‘അറിയപ്പെടുന്ന റൗഡി’ എന്നാണ് വിശേഷിപ്പിച്ചത്. പൊലീസിന്റെ ഭാഗത്തു നിന്ന് സാധ്യമായ നടപടികളെല്ലാം ചെയ്തിട്ടും പ്രതി നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അതിനാൽ കാപ്പ 15(1) പ്രകാരം നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി 2023 ജൂണിൽ നോട്ടിസ് നൽകിയിരുന്നു. എന്നാൽ നവംബറിൽ അടുത്ത കേസിൽ പ്രതിയായി. ഇതോടെ കാപ്പ നിബന്ധന ലംഘിക്കപ്പെട്ടു. ഈ വർഷം ഏപ്രിലിൽ വീണ്ടും പിടിയിലായി. ജൂൺ 23നാണ് പുറത്തിറങ്ങിയത്. പിന്നീട് സിപിഎമ്മിൽ അംഗത്വമെടുത്തു.

English Summary:

Minister Veena George justifies giving CPM membership to Kappa case accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com