വിമർശനക്കൂട്ടിൽ സർക്കാർ; ഇനി സിപിഐയുടെ ഊഴം, ചർച്ചകളിൽ വീണ്ടും കോൺഗ്രസ് സഖ്യം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനതല തിരഞ്ഞെടുപ്പ് അവലോകനത്തിലേക്കു സിപിഐ നാളെ കടക്കും. വൻ തോൽവിയെ തുടർന്ന് പാർട്ടിയുടെ ജില്ലാ കൗൺസിലുകളിൽ സിപിഎമ്മിനും സർക്കാരിനും എതിരെ ഉയർന്ന വിമർശനം സംസ്ഥാന നേതൃയോഗങ്ങളും ഏറ്റുപിടിക്കാനാണ് സാധ്യത. നാളെ നിർവാഹക സമിതിയും 2 ദിവസം കൗൺസിലും നടക്കും.
എൽഡിഎഫിനെ ജനങ്ങൾ തിരസ്കരിച്ച തിരഞ്ഞെടുപ്പാണ് നടന്നതെന്ന വികാരമാണ് ജില്ലാ കൗൺസിലുകളിൽ ഉയർന്നത്. പ്രധാന കാരണങ്ങൾ സർക്കാരിന്റെ പ്രവർത്തന ദൗർബല്യങ്ങളും മുഖ്യമന്ത്രിക്കെതിരെയുള്ള ജനവികാരവുമാണെന്നായിരുന്നു അഭിപ്രായം. റിവ്യൂ റിപ്പോർട്ട് 14 ജില്ലകളിൽ നിന്നും നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഇവ ചേർത്താണ് സംസ്ഥാനതല റിപ്പോർട്ട് തയാറാക്കുന്നത്. ഇതോടെ സിപിഎം– മുഖ്യമന്ത്രി വിമർശനങ്ങൾ സംസ്ഥാനതല റിപ്പോർട്ടിലുമുണ്ടാകുമെന്നുറപ്പായി. സിപിഎം ജില്ലാ കമ്മിറ്റികളിൽ തന്നെ ഉയർന്ന രൂക്ഷവിമർശനങ്ങൾ സിപിഐക്ക് ആവേശം കൂട്ടും. ചർച്ചകളുടെ അടിസ്ഥാനത്തിൽ പാർട്ടി കമ്മിറ്റിയുടെ ഔദ്യോഗിക നിലപാട് സിപിഐ എൽഡിഎഫ് നേതൃത്വത്തെ അറിയിക്കും.
രാജ്യസഭാ സീറ്റിലെ പാർട്ടി തീരുമാനം ചില ജില്ലാ കമ്മിറ്റികളിൽ വിമർശനത്തിനു കാരണമായിരുന്നു. ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബു, സംസ്ഥാന അസി. സെക്രട്ടറി പി.പി.സുനീർ എന്നിവരുടെ പേരുകൾ വന്നപ്പോൾ അന്തരിച്ച കാനം രാജേന്ദ്രൻ സുനീറിന്റെ പേര് നേരത്തെ നിർദേശിച്ചിരുന്നതായി ബിനോയ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഒരു വിഭാഗം ഇത് അംഗീകരിക്കുന്നില്ല.
വനം വകുപ്പിനെ സിപിഐ നേതാവ് വാഴൂർ സോമൻ നിയമസഭയിൽ വിമർശിച്ചതിന് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചു മുഖ്യമന്ത്രി സോമനെ ശകാരിച്ചത് സിപിഐ നേതൃത്വത്തിനു രസിച്ചിട്ടില്ല.
∙ ചർച്ചകളിൽ വീണ്ടും കോൺഗ്രസ് സഖ്യം
തിരുവനന്തപുരം∙സിപിഎം തിരുത്തലിന് തയാറായില്ലെങ്കിൽ കോൺഗ്രസുമായി സഹകരിക്കുന്നത് ആലോചിക്കണമെന്ന ചില ജില്ലാ കൗൺസിലുകളിലെ ആവശ്യം സംസ്ഥാന നേതൃയോഗത്തിൽ ഉയരുമോ എന്നതിൽ ആകാംക്ഷ. മലപ്പുറം, ഇടുക്കി ജില്ലാ നേതൃയോഗങ്ങളിൽ പഴയ കോൺഗ്രസ് സഖ്യത്തിന്റെ നല്ല ഓർമകൾ ചിലർ പങ്കുവച്ചിരുന്നു.
മറ്റിടങ്ങളിൽ കോൺഗ്രസുമായി സഹകരിക്കുമ്പോൾ കേരളത്തിൽ മാത്രം എന്താണു തടസ്സം എന്നായിരുന്നു ഉയർന്ന ചോദ്യം. ജില്ലകളിൽ ഉയർന്ന അഭിപ്രായം പക്ഷേ ഒറ്റപ്പെട്ടതാണെന്നും ഗൗരവത്തിലെടുക്കേണ്ടെന്നുമാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. വാർത്തകളുടെ പശ്ചാത്തലത്തിൽ സിപിഐയെ യുഡിഎഫ് കൺവീനർ എം.എം.ഹസൻ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുകയുമുണ്ടായി.