സേനയ്ക്ക് അകത്തും തിരുത്തൽ വേണമെന്ന് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ
Mail This Article
കണ്ണൂർ∙ പൊലീസ് സേനയിലുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചകൾ തിരുത്തപ്പെടണമെന്ന് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സിറ്റി ജില്ലാ സമ്മേളന റിപ്പോർട്ട്. സമൂഹം അംഗീകരിക്കാത്ത പ്രവൃത്തികൾ ചിലരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് അത്തരക്കാരെ കൂടി തിരുത്തി പോകാൻ കഴിയേണ്ടതുണ്ടെന്ന് സെക്രട്ടറി കെ.രാജേഷ് അവതരിപ്പിച്ച 52 പേജുള്ള പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. അല്ലാത്തപക്ഷം പൊലീസിന് സമൂഹത്തിൽ നിന്നു തിരിച്ചടി നേരിടേണ്ടി വരുമെന്ന് അത്തരക്കാരെ ബോധ്യപ്പെടുത്തണം.
സർക്കാർ നടപ്പാക്കിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി, നടത്തിപ്പിലെ പോരായ്മകൾ കൊണ്ട് ജീവനക്കാർക്കിടയിൽ വലിയ അതൃപ്തിക്കു കാരണമായിട്ടുണ്ട്. എല്ലാ ആശുപത്രികളും എംപാനൽ ചെയ്യാൻ കഴിയാത്തത് ന്യൂനതയാണ്. സ്കീം നിലവിലുള്ള ആശുപത്രികളാകട്ടെ എല്ലാ അസുഖങ്ങൾക്കും ഇൻഷുറൻസ് നൽകുന്നുമില്ല. ചികിത്സയ്ക്ക് ഭീമമായ തുക ഈടാക്കുകയും ചെയ്യുന്നു. അമിത ഫീസ് നിയന്ത്രിക്കുകയും പദ്ധതി സുതാര്യമാക്കുകയും വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. തുക വകയിരുത്തിയിട്ടും മയ്യിൽ, പിണറായി പൊലീസ് സ്റ്റേഷനുകൾക്ക് കെട്ടിടനിർമാണം തുടങ്ങാൻ കഴിയാത്തത് പോരായ്മയാണെന്നും റിപ്പോർട്ടിൽ പറയുന്നു.