ഗുരുദേവ കോളജ് സംഘർഷം: എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് നടപടി
Mail This Article
കൊയിലാണ്ടി∙ ഗുരുദേവ കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരനെ മർദിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് നടപടിയെടുത്തു. എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് ബി.ആർ.അഭിനവ്(21), എസ്എൻഡിപി കോളജ് വിദ്യാർഥികളും എസ്എഫ്ഐ പ്രവർത്തകരുമായ കെ.അമൽജിത്ത് (20), അനിൽ നിവാസിൽ അനുനാദ്(20) എന്നിവർക്ക് പൊലീസ് നോട്ടിസ് നൽകി. ഇവരും കണ്ടാലറിയുന്ന 15 പേരും ചേർന്ന് മർദിച്ചുവെന്നായിരുന്നു പ്രിൻസിപ്പലിന്റെ പരാതി. 7 വർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കുന്ന കേസുകളിൽ പൊതുവേ പൊലീസ് അറസ്റ്റ് ഒഴിവാക്കി നോട്ടിസ് നൽകുന്നതിന്റെ ഭാഗമായാണ് നടപടി. എസ്എഫ്ഐയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പ്രിൻസിപ്പലിനും നോട്ടിസ് നൽകിയിരുന്നു. അതേസമയം പൊലീസ് സാന്നിധ്യത്തിൽ പ്രിൻസിപ്പലിനെതിരെ ഭീഷണി പ്രസംഗം നടത്തിയ എസ്എഫ്ഐ നേതാക്കൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.
എസ്എഫ്ഐ പ്രിൻസിപ്പലിനെ ആക്രമിച്ചതിനെ തുടർന്ന് കോളജിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ ഒന്നിനായിരുന്നു കോളജിൽ സംഘർഷം ഉണ്ടായത്. പ്രിൻസിപ്പലിനെ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ബി.ആർ.അഭിനവ് മുഖത്തടിച്ചതായും അഭിനവിനെ പ്രിൻസിപ്പൽ മർദിച്ചതായും ആരോപണം ഉയർന്നിരുന്നു. അധ്യാപകൻ കെ.പി.രമേശനും മർദനമേറ്റിരുന്നു. കോളജിൽ 4 വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ടു ഹെൽപ് ഡെസ്ക് തുടങ്ങണമെന്ന എസ്എഫ്ഐയുടെ ആവശ്യവുമായി ബന്ധപ്പെട്ട തർക്കമായിരുന്നു സംഘർഷത്തിൽ കലാശിച്ചത്.