ഡോ.ബേബിക്കെതിരെയുള്ള പരാതി: എസ്എഫ്ഐ ഗൂഢാലോചനയെന്ന് അധ്യാപക സംഘടന
Mail This Article
കളമശേരി ∙ കുസാറ്റ് സിൻഡിക്കറ്റംഗം ഡോ.പി.കെ.ബേബിക്കെതിരെ ബിരുദവിദ്യാർഥിനി നൽകിയ പരാതി എസ്എഫ്ഐയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നു സർവകലാശാലയിലെ ഇടത് അധ്യാപക സംഘടന. ബോധപൂർവം വീഴ്ചയുണ്ടായിട്ടില്ലെങ്കിലും പരാതി ഉന്നയിച്ചപ്പോൾത്തന്നെ പെൺകുട്ടിയോടു പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. വ്യാജ പരാതി നൽകിയ പെൺകുട്ടിക്കെതിരെയും ഡോ.ബേബിയെ ആക്രമിച്ച ഗുണ്ടകൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നു കാണിച്ചു കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ഡോ.ആൽഡ്രിൻ ആന്റണി പൊലീസിൽ പരാതി നൽകി.
സർഗം കലോത്സവ വേദിയിൽ നിന്നു വിളക്ക് എടുക്കാൻ ചെന്ന തന്നെ ഡോ.പി.കെ.ബേബി ഇടതുനെഞ്ചിൽ പിടിച്ചു തള്ളിയെന്നും ദേഹത്തു തൊടരുതെന്നു പറഞ്ഞപ്പോൾ വീണ്ടും 2 പ്രാവശ്യം നെഞ്ചിൽ പിടിച്ചു തള്ളിയെന്നും പരാതിപ്പെട്ടാൽ സർവകലാശാലയിലെ പഠനം അവസാനിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണു പെൺകുട്ടിയുടെ പരാതി.
വിലക്കുകൾ ലംഘിച്ചു വേദിയിലേക്കു കയറാൻ ശ്രമിച്ച പെൺകുട്ടിയെ ബേബി തടയുക മാത്രമാണ് ചെയ്തതെന്നും തള്ളിക്കയറാൻ ശ്രമിക്കുമ്പോൾ ദേഹത്തു കൈ തട്ടിയെന്നു പെൺകുട്ടി പരാതി പറഞ്ഞതായും അധ്യാപക സംഘടന നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം മാപ്പുപറയലോടെ തീർന്നു എന്നാണു കരുതിയത്. എന്നാൽ ആരൊക്കെയോ ചേർന്നു പ്രശ്നം വഷളാക്കി എന്നാണു കരുതുന്നത്. തൊട്ടടുത്ത ദിവസം രാവിലെ 5 മണിക്ക് ഒരു ജീപ്പ് നിറയെ ആളുകൾ ക്യാംപസിലെത്തുകയും ഡോ.ബേബിയുടെ വീട് അന്വേഷിച്ചു നടക്കുകയും ചെയ്തു. എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റിയിലെ അംഗങ്ങളായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നതെന്ന് അറിയാൻ കഴിഞ്ഞു.
രാവിലെ ഓഫിസിലെത്തിയ ഡോ.ബേബിയെ യൂത്ത് വെൽഫെയർ ഓഫിസിൽ തള്ളിക്കയറി ഗുണ്ടാസംഘം ക്രൂരമായി ആക്രമിച്ചു. പെൺകുട്ടിയും അക്രമത്തിൽ പങ്കാളിയായി. ഓഫിസ് തല്ലിത്തകർത്തു. ആലുവ എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗങ്ങളായ സി.ഐ.ഷെഫിൻ, ടി.ആർ.ജിഷ്ണു, അംജത് സലാം, മേജോ എന്നിവരും കണ്ടാലറിയാവുന്ന മറ്റുചിലരും ആക്രമിക്കാനുണ്ടായിരുന്നുവെന്നു പരാതിയിൽ പറഞ്ഞു.