ഗുണ്ടയുടെ പിറന്നാൾ പാർട്ടി പൊളിഞ്ഞതിന്റെ ദേഷ്യം; പൊലീസ് സ്റ്റേഷനുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി
Mail This Article
തൃശൂർ ∙ തേക്കിൻകാട് മൈതാനത്തു പിറന്നാൾ പാർട്ടി നടത്താനുള്ള നീക്കം പൊളിഞ്ഞതിന്റെ ദേഷ്യത്തിൽ പൊലീസ് സ്റ്റേഷനുകളിലേക്കു ഫോണിൽ വിളിച്ചു ഗുണ്ടാനേതാവിന്റെ ബോംബ് ഭീഷണി. വെസ്റ്റ് , ഈസ്റ്റ് സ്റ്റേഷനുകളിലേക്കും കമ്മിഷണർ ഓഫിസിലേക്കും പുലർച്ചെ ഫോണിൽ വിളിച്ച കാപ്പ കേസ് പ്രതി സാജൻ (തീക്കാറ്റ് സാജൻ) 3 ഓഫിസുകളും ബോംബ് വച്ചു തകർക്കുമെന്നു ഭീഷണി മുഴക്കി. 2 സ്റ്റേഷനുകളിലായി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി 3 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തതോടെ ഗുണ്ട മുങ്ങി. പീച്ചി കന്നാലിച്ചാലിൽ സാജന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഭീഷണി ഗൗരവത്തോടെ കാണുന്നുവെന്നും ഗുണ്ടയ്ക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കിയെന്നും കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.
-
Also Read
ഓടുന്ന കാറിൽ അഭ്യാസം വീണ്ടും
ഇന്നലെ പുലർച്ചെയാണു സ്റ്റേഷനുകളിലും കമ്മിഷണർ ഓഫിസിലും ലാൻഡ്ഫോൺ നമ്പറിലേക്കു ഗുണ്ടാ നേതാവ് സാജന്റെ വിളിയെത്തിയത്. തന്റെ പിറന്നാൾ പാർട്ടി പൊളിച്ചതിനു പ്രതികാരം ചെയ്യുമെന്നും ഈസ്റ്റ് സ്റ്റേഷനും കമ്മിഷണർ ഓഫിസും ബോംബ് വച്ചു തകർക്കുമെന്നും ഭീഷണി മുഴക്കിയ ശേഷം ഗുണ്ട ഫോൺ കട്ട് ചെയ്തു. എസിപി കെ. സുദർശന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം തിരച്ചിൽ ആരംഭിച്ചതോടെ സാജൻ മുങ്ങി. ഗുണ്ടയുടെ ഫോൺ സ്വിച്ച് ഓഫ് ആണെങ്കിലും പൊലീസ് നാടെങ്ങും അരിച്ചുപെറുക്കുന്നുണ്ട്. ബിഎൻഎസ് നിയമത്തിലെ 111, 224, 351 (3) വകുപ്പുകൾ ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഭീഷണിപ്പെടുത്തൽ, പൊതുജന സേവകരെ അപായപ്പെടുത്താൻ ശ്രമിക്കൽ, ജീവഹാനിക്ക് ഇടയാക്കുമെന്നു വെല്ലുവിളിക്കൽ തുടങ്ങിയവയാണ് ഈ വകുപ്പുകളിലുള്ളത്. 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ.
ഗുണ്ടാനേതാവിന്റെ ജന്മദിനം സിനിമാ മോഡലിൽ ആഘോഷിക്കാൻ കഴിഞ്ഞ ദിവസം തേക്കിൻകാട് മൈതാനത്ത് ഒത്തുകൂടിയ 32 പേരെ പൊലീസ് വളഞ്ഞിട്ടു പിടികൂടിയിരുന്നു. ഇതിൽ പ്രായപൂർത്തിയാകാത്ത 16 പേരൊഴികെ മറ്റുള്ളവർക്കെതിരെ പ്രിവന്റീവ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നഗരമധ്യത്തിൽ പിറന്നാൾ പാർട്ടി ആഘോഷിക്കുന്നതിന്റെ റീൽ തയാറാക്കി സമൂഹമാധ്യമങ്ങളിലൂടെ വൈറലാക്കാനായിരുന്നു ഗുണ്ടാനേതാവിന്റെ ശ്രമം. പൊലീസ് ഇതു കയ്യോടെ പൊളിച്ചതിന്റെ ദേഷ്യത്തിലായിരുന്നു ഭീഷണി സന്ദേശം.