നാടുകടത്തൽ, വാടക അംഗങ്ങൾ, പിന്നെ കൂടോത്രവും !
Mail This Article
∙രണ്ടാം പിണറായി സർക്കാരിൽ പേരുദോഷം കേൾപ്പിക്കാത്ത മന്ത്രിയായ കെ.രാധാകൃഷ്ണനെ പാർലമെന്റിലേക്ക് മത്സരിപ്പിച്ചത് ‘പാര’യായിരുന്നോ ? ഭാവിയിൽ മുഖ്യമന്ത്രിസ്ഥാനാർഥിയായിപ്പോലും അവതരിപ്പിക്കാവുന്ന നേതാവിനെ നാടുകടത്തിയതാണോ ?
ചില സിപിഎം കേന്ദ്രങ്ങളിൽ ഈ അടക്കംപറച്ചിലുണ്ടെന്നു തുറന്നടിച്ചത് പണ്ട് സിപിഎം പാളയത്തിലായിരുന്ന മുസ്‍ലിംലീഗ് എംഎൽഎ മഞ്ഞളാംകുഴി അലി. ലാക്ക് എങ്ങോട്ടാണെന്നു പിടികിട്ടിയ ഭരണപക്ഷം ഒച്ചപ്പാടുണ്ടാക്കി. ജനങ്ങൾ തിരഞ്ഞെടുത്ത എംപിയെ നാടുകടത്തിയെന്ന് ആക്ഷേപിക്കുന്നത് ജനാധിപത്യവിരുദ്ധതയാണെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. ബഹളത്തിലേക്ക് അലിയുടെ പ്രയോഗം അമ്പു പോലെ പാഞ്ഞു: ‘രാധാകൃഷ്ണനെപ്പോലൊരു സഖാവ് നിങ്ങളുടെ കൂട്ടത്തിൽ വേറെയുണ്ടോ ? പറയൂ.’
പണ്ടു ലീഗുകാരനായിരുന്ന തന്നെ എൽഡിഎഫ് വാടകയ്ക്ക് എടുത്തതാണെങ്കിൽ മുൻപ് സിപിഎമ്മുകാരനായിരുന്ന മഞ്ഞളാംകുഴി അലിയെ ലീഗും വാടകയ്ക്ക് എടുത്തതാണോ എന്ന ചോദ്യമുയർത്തി പി.ടി.എ.റഹീം. നിയമസഭാംഗമായിരിക്കെ പി.കെ.കുഞ്ഞാലിക്കുട്ടിയെ പാർലമെന്റിലേക്കു മത്സരിപ്പിച്ചത് ലീഗിലെ ഗ്രൂപ്പുകളിയുടെ ഭാഗമായ നാടുകടത്തലായിരുന്നോ എന്നായി സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഷാഫി പറമ്പിലിനെ ലോക്സഭയിലേക്കു വിട്ടത് നാടുകടത്തലാണോയെന്നു എം.എസ്.അരുൺകുമാറും കെ.എം.സച്ചിൻദേവും വി.ആർ.സുനിൽകുമാറും കുത്തിക്കുത്തി ചോദിച്ചെങ്കിലും ലീഗോ കോൺഗ്രസോ മിണ്ടിയില്ല. നാടിനു മാതൃകയായ നേതാവിനെ നാടുകടത്തിയെന്ന് ആക്ഷേപിച്ചതിൽ ഒ.എസ്.അംബിക രോഷം കൊണ്ടു.
പട്ടികജാതി–പട്ടിക വർഗ, ന്യൂനപക്ഷ വകുപ്പുകളുടെ ധനകാര്യബിൽ ചർച്ചയിൽ പങ്കെടുത്ത് പി.സി.വിഷ്ണുനാഥ് ന്യായമായ സംശയം ചോദിച്ചു. മറ്റ് ഏകാംഗ കക്ഷികൾക്കെല്ലാം മന്ത്രിസ്ഥാനം നൽകിയിട്ടും ഇടതുപക്ഷത്തെ ഏക ലെനിനിസ്റ്റ് പാർട്ടിയായ ആർഎസ്പി (ലെനിനിസ്റ്റ്) യുടെ എംഎൽഎ ആയി കാൽനൂറ്റാണ്ട് തികയ്ക്കുന്ന കോവൂർ കുഞ്ഞുമോനെ എന്തുകൊണ്ടു തഴയുന്നു? വിഷ്ണുവിന്റെ ചൂണ്ടയിൽ പക്ഷേ, കോവൂർ കൊത്തിയില്ല.
ഭൂമിയിലും തൊഴിലിലും ദലിത് വിഭാഗങ്ങളെ പിണറായി സർക്കാർ പറഞ്ഞു പറ്റിക്കുകയാണെന്ന വിഷ്ണുനാഥിന്റെ വിമർശനം കെ.ശാന്തകുമാരിക്കും ജി.സ്റ്റീഫനും കൊണ്ടു. പ്രസിഡന്റിന്റെ വീട്ടിൽനിന്നു തന്നെ ‘കൂടോത്രം’ കണ്ടെത്തിയ സാഹചര്യത്തിൽ കെപിസിസിയുടെ പൂർണരൂപം കൂടോത്ര പ്രചാരണ കോൺഗ്രസ് കമ്മിറ്റി എന്നാക്കണമെന്ന അഭിപ്രായം മുരളി പെരുനെല്ലിക്കുണ്ട്. സുധാകരനെതിരെയുള്ള കൂടോത്രം പുറത്തുവന്നു വൈകാതെ വി.ഡി.സതീശന്റെ കാർ അപകടത്തിലായതിൽ ഭൗതികവാദികളായ തങ്ങൾ സംശയിക്കുന്നില്ലെങ്കിലും സംശയിക്കുന്നവരും ഉണ്ടാകാമെന്നായി സച്ചിൻദേവ്.
‘തേങ്ങ ഉടയ്ക്ക് സ്വാമി’ എന്ന മിഥുനം സിനിമയിലെ ഡയലോഗും ദൃശ്യങ്ങളുമാണ് പി.എസ്.സുമോദിന് ഓർമ വന്നത്. സിനിമയുടെ രണ്ടാം ഭാഗം എടുത്താൽ കോൺഗ്രസുകാർക്കാകും മുഖ്യറോൾ എന്നും സുമോദ് പറഞ്ഞു.
∙ ഇന്നത്തെ വാചകം
നാടിനു മാതൃകയായ കെ.രാധാകൃഷ്ണനെ നാടുകടത്തിയെന്ന് ആക്ഷേപിക്കുന്നതു ശരിയല്ല. ആലത്തൂരിൽ നടന്നത് കൂടോത്രമൊന്നുമല്ല. - ഒ.എസ്.അംബിക (സിപിഎം)