എൻസിപിയിലെ കരാറും പതിനെട്ടര എംപിമാരും
Mail This Article
എൻസിപിയിലെ തോമസ് കെ.തോമസ് നിയമസഭയിൽ എഴുന്നേൽക്കുന്നത് പ്രതിപക്ഷത്തിനു ഹരമാണ്. എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ എൻസിപി വനം മന്ത്രിയാക്കാത്തതിൽ തോമസിനെക്കാൾ പ്രയാസമാണ് അവർക്ക്. ആ ചൂണ്ടയിൽ തോമസ് കൊത്താറില്ല. ഇന്നലെ പക്ഷേ കൈവിട്ടുപോയി. തമാശ മട്ടിലാണ് പറഞ്ഞതെങ്കിലും കദനം വാക്കുകളിൽ നിറഞ്ഞു. ‘‘എന്തു ചെയ്യാനാണ്, ചിലർ മന്ത്രിസ്ഥാനം കിട്ടിയാൽ ഇറങ്ങില്ല. പാർട്ടിയിലെ കരാറെല്ലാം മറക്കും’’. പാർട്ടിക്കുള്ളിൽ ഉണ്ടെന്നു പറയുന്ന കരാർ പ്രകാരം തനിക്കു മന്ത്രിസ്ഥാനം തരുന്നില്ലെന്ന് ഒരംഗം സഭയിൽ പരാതി പറയുന്നത് ആദ്യമാകും. കേൾക്കാനോ മറുപടി പറയാനോ ശശീന്ദ്രൻ സഭയിൽ ഉണ്ടായിരുന്നില്ല.
പതിനെട്ടരക്കവികളിൽ കാവ്യഭാഷ മലയാളമായിരുന്നയാളെ അരക്കവിയാക്കിയതു പോലെ പതിനെട്ടര എംപിമാർ ഉണ്ടെന്നു വെളിപ്പെടുത്തിയത് മന്ത്രി കെ.എൻ.ബാലഗോപാലാണ്. കേന്ദ്രത്തോട് അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ പ്രതിപക്ഷത്തിന്റെ 19 എംപിമാർ കൂടി സഹകരിക്കുമോ എന്ന് 2019 ലെ തിരഞ്ഞെടുപ്പു ഫലത്തിന്റെ ഓർമ വച്ച് മന്ത്രി പ്രതിപക്ഷത്തോടു ചോദിച്ചപ്പോൾ അടുത്തിരുന്ന മുഖ്യമന്ത്രി ‘ഇപ്പോൾ 18 ആണ്’ എന്നു തിരുത്തി. സുരേഷ് ഗോപി ജയിച്ചത് കോൺഗ്രസ് വോട്ടു കൊണ്ടാണ് എന്നതിനാലാണ് 19 പേർ എന്നു പറഞ്ഞതെന്നായി അപ്പോൾ മന്ത്രി; വേണമെങ്കിൽ പതിനെട്ടരയാക്കാം!
വടകരയിലെ തോൽവിക്കു ശേഷം ആദ്യമായി സഭയിൽ പ്രസംഗിച്ച കെ.കെ.ശൈലജ തോൽവി സമ്മതിച്ചു; ജയിച്ച ഷാഫി പറമ്പിലിനും കെ.രാധാകൃഷ്ണനും ആശംസകൾ നേർന്നു. ജമാ അത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും കൂടെക്കൂട്ടിയതിനു ലീഗിനു വലിയ വില കൊടുക്കേണ്ടി വരുമെന്നും ഓർമിപ്പിച്ചു. സർക്കാർ മുൻഗണനകളിൽ മാറ്റം വരുമെന്ന സൂചന ശൈലജ നൽകിയത് മന്ത്രി ബാലഗോപാലിനുള്ള കുത്തുവാക്കാണെന്ന് രമേശ് ചെന്നിത്തല കണ്ടെത്തി. തോമസ് ഐസക് ഏൽപിച്ചു പോയ മാറാപ്പ് ബാലഗോപാലിനു ചുമക്കേണ്ടി വരുന്നതിൽ രമേശിനും തിരുവഞ്ചൂർ രാധാകൃഷ്ണനും വിഷമമുണ്ട്. കൊച്ചി എഡിബി പദ്ധതിയിലെ കുഴപ്പങ്ങളിലേക്കു മുൻ ജലവിഭവ മന്ത്രി കൂടിയായ തിരുവഞ്ചൂർ വിരൽചൂണ്ടി.
മലപ്പുറത്ത് ചെങ്കൊടിക്കൊപ്പം ഇത്തവണ ഉയർന്നത് പിഡിപിയുടെ കൊടിയാണെന്നു ശൈലജ ടീച്ചർ മറന്നോയെന്ന ചോദ്യമായിരുന്നു പി.ഉബൈദുല്ലയുടേത്. തിരഞ്ഞെടുപ്പിൽ കൊടി കക്ഷത്തു വച്ച ലീഗിന് കൊടിയെക്കുറിച്ചു പറയാൻ എന്ത് അർഹത എന്നായിരുന്നു പി.മമ്മിക്കുട്ടിയുടെ മറുചോദ്യം. ബിനോയ് വിശ്വത്തിന്റെ എസ്എഫ്ഐ വിരുദ്ധ പ്രസ്താവന ആയുധമാക്കി ആ സംഘടനയുടെ കയ്യിലിരിപ്പുകളെ കളിയാക്കിയ എ.കെ.എം അഷ്റഫിനെ മഞ്ചേരിയിലെ പഴയ ചവിട്ടിക്കൊലപാതകം ഓർമിപ്പിച്ചത് ഒടുവിൽ ഇറങ്ങിപ്പോക്കിൽ കലാശിക്കുമെന്നു മമ്മിക്കുട്ടിയും വിചാരിച്ചു കാണില്ല. അത് ഏറ്റുപിടിച്ച എം.വിജിൻ, ജയിംസ് അഗസ്റ്റിൻ എന്ന അധ്യാപകനെ അങ്ങനെ കൊലപ്പെടുത്തിയത് യൂത്ത് ലീഗുകാരാണെന്ന് പൂരിപ്പിച്ചു. മന്ത്രി ബാലഗോപാൽ, പക്ഷേ യൂത്ത് ലീഗിനു പകരം അത് ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫിന്റെ തലയിൽ വച്ചു. മന്ത്രിയുടെ നാക്കുപിഴയിൽ പിടിച്ച് ലീഗ് എംഎൽഎമാർ കലി തുള്ളിയത് മൂന്നാമത്തെ പ്രതിപക്ഷ വോക്കൗട്ടിൽ കലാശിച്ചു. കാർഷിക, പിഎസ്‌സി പ്രശ്നങ്ങളിലായിരുന്നു ആദ്യ രണ്ട് ഇറങ്ങിപ്പോക്ക്.
ടി.പി.ചന്ദ്രശേഖരൻ വധത്തെക്കുറിച്ച് കെ.കെ.രമ തന്നെ ആത്മരോഷത്തോടെ പ്രതികരിക്കുന്നതിനും സഭ വേദിയായി. ടി.പി കേസ് പ്രതികൾക്ക് ശിക്ഷയിളവു നൽകാനുള്ള നീക്കത്തിനതിരെ രമ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കാൻ മുൻപു നടത്തിയ ശ്രമം സ്പീക്കർ മുൻകൈ എടുത്ത് തടഞ്ഞിരുന്നു. അന്നു പറയാൻ വച്ചത് ഇന്നലത്തെ ഊഴത്തിൽ രമ പറഞ്ഞു.
∙ ഇന്നത്തെ വാചകം
‘എസ്എഫ്ഐയെ ന്യായീകരിച്ചു കൂട്ടുന്ന സിപിഎം ആദ്യം അതെല്ലാം സിപിഐക്കാരെ ബോധ്യപ്പെടുത്തണം’ – ഉമ തോമസ് (കോൺഗ്രസ്)