കേരളത്തിൽ കൂടുതൽ താമര വിരിയും: ജെ.പി.നഡ്ഡ
Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ 2026 ൽ കൂടുതൽ താമര വിരിയുമെന്നും ബിജെപി നിർണായക ശക്തിയാകുമെന്നും ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജെപി.നഡ്ഡ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുന്നേറ്റം ഭാവിയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും നഡ്ഡ പറഞ്ഞു. പാർട്ടി വിശാല സംസ്ഥാന നേതൃയോഗത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് എൻഡിഎ 36% വോട്ട് നേടി. ആറ്റിങ്ങലിൽ വെറും 16,000 വോട്ടുകൾക്കാണ് ബിജെപി പരാജയപ്പെട്ടത്. രണ്ടും വിജയത്തിന് തുല്യമാണ്. തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിൽ ബിജെപിയാണ് ലീഡ് ചെയ്തത്. 6 മുൻസിപ്പാലിറ്റികളിൽ ബിജെപി മുന്നിലാണ്.
അഴിമതി മാത്രമാണ് കോൺഗ്രസിന്റെ ആശയം. കുടുംബാധിപത്യമാണ് അവരുടെ ലക്ഷ്യം. വയനാട്ടിൽ ഭാര്യ കോൺഗ്രസിനെതിരെ മത്സരിച്ചപ്പോൾ സിപിഐ നേതാവ് ഡി.രാജ ഡൽഹിയിൽ കോൺഗ്രസിന് വോട്ടുപിടിക്കുകയായിരുന്നു. ആശയ പാപ്പരത്തമാണ് ഇടതുപക്ഷം നേരിടുന്നത്. മക്കളുടെ ഭാവി മാത്രമേ കമ്യൂണിസ്റ്റ് നേതാക്കൾ പരിഗണിക്കുന്നുള്ളൂ എന്നും നഡ്ഡ പറഞ്ഞു.
കേന്ദ്രമന്ത്രി ജോർജ് കുര്യനെയും തൃശൂരിൽ വിജയത്തിനായി പ്രവർത്തിച്ച തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാറിനെയും വേദിയിൽ ജെ.പി.നഡ്ഡ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷനായിരുന്നു.
രാവിലെ സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. 2500 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത് . നേതാക്കളായ ഒ.രാജഗോപാൽ, കെ.രാമൻപിള്ള, പി.കെ.കൃഷ്ണദാസ്, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, അനിൽ ആന്റണി, പി.സി.ജോർജ്, പത്മജ വേണുഗോപാൽ, സി.കൃഷ്ണകുമാർ, സി.ശിവൻകുട്ടി, പി.സുധീർ, വി.വി.രാജേഷ് എന്നിവർ പ്രസംഗിച്ചു.