മസാല ബോണ്ടുവഴി വിദേശ ഫണ്ട്: പരിശോധനയ്ക്ക് അവകാശം ആർബിഐക്കു മാത്രമെന്ന് കിഫ്ബി
Mail This Article
കൊച്ചി ∙ മസാല ബോണ്ടുവഴി വിദേശത്തുനിന്നു ഫണ്ടു ലഭിച്ചതിൽ നിയമലംഘനമുണ്ടെന്ന് ആർബിഐ കണ്ടെത്തിയാൽ മാത്രമേ ഇ.ഡിക്ക് അന്വേഷണം നടത്താനാവൂ എന്ന് കിഫ്ബി ഹൈക്കോടതിയിൽ അറിയിച്ചു. മസാല ബോണ്ട് വിഷയത്തിൽ ഇ.ഡി തുടർച്ചയായി സമൻസുകൾ അയയ്ക്കുന്നതിനെതിരെ കിഫ്ബി നൽകിയ ഹർജിയാണു ജസ്റ്റിസ് ടി.ആർ.രവി പരിഗണിച്ചത്. വിദേശവായ്പ ലഭിക്കുകയും അതു സംബന്ധിച്ചു മാസം തോറും റിപ്പോർട്ട് നൽകുകയും ചെയ്യുമ്പോൾ നിയമം പാലിച്ചില്ലെന്ന് ആരോപണമുയർന്നാൽ ആർബിഐയ്ക്കു മാത്രമാണ് പരിശോധനയ്ക്ക് അവകാശമെന്നു കിഫ്ബി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളെപ്പോലെ റിസർവ് ബാങ്കിന് അന്വേഷണത്തിന് അധികാരമുണ്ടെന്നും കിഫ്ബിക്കുവേണ്ടി സുപ്രീം കോടതി അഭിഭാഷകൻ അരവിന്ദ് ദത്താർ വാദിച്ചു. മസാല ബോണ്ടിൽ കിഫ്ബിക്കായി ഓതറൈസ്ഡ് ഡീലർ ആക്സിസ് ബാങ്കാണ്. കിഫ്ബി അടിസ്ഥാന സൗകര്യത്തിനല്ല ഫണ്ട് വിനിയോഗിച്ചതെങ്കിൽ ആക്സിസ് ബാങ്ക് ആർബിഐയ്ക്കു റിപ്പോർട്ട് ചെയ്യും. കിഫ്ബിയുടെ 355 പദ്ധതികളിൽ ആക്സിസ് ബാങ്ക്, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, സിഎജി എന്നിവർ ക്രമക്കേട് കണ്ടെത്തിയിട്ടില്ല.
ഇതുകൂടാതെ ആർബിഐയ്ക്ക് സ്വമേധയാ പരിശോധന നടത്താവുന്നതാണ്. ഇതുവരെ ആർബിഐ ഇത്തരത്തിലുള്ള നടപടിയോ ആക്ഷേപമോ ഉയർത്തിയിട്ടില്ല. രേഖകൾ നൽകിയിട്ടും അതേ രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി സമൻസ് അയയ്ക്കുകയാണ്. തുടരെ സമൻസ് അയച്ച് ഇ.ഡി കിഫ്ബി ഉദ്യോഗസ്ഥരെ ക്ലേശിപ്പിക്കുകയാണെന്നും അറിയിച്ചു. കേന്ദ്രസർക്കാരിന്റെ മറുപടിക്കായി ഹർജി 17ലേക്ക് മാറ്റി. ഇ.ഡി സമൻസിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.