പിണറായി സർക്കാർ: കെഎസ്ഇബി കടബാധ്യത 4506.24 കോടി വർധിച്ചു
Mail This Article
തിരുവനന്തപുരം∙ രണ്ടു പിണറായി സർക്കാരുകളുടെ കാലത്ത് കെഎസ്ഇബിയുടെ കടബാധ്യത 4506.24 കോടി രൂപ വർധിച്ചു. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ കെഎസ്ഇബിയുടെ കടബാധ്യത 5925.44 കോടിയായിരുന്നെങ്കിൽ, ഇപ്പോൾ 10431.68 കോടിയായെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ എ.പി.അനിൽകുമാറിന്റെ ചോദ്യത്തിനു മറുപടി നൽകി. ജീവനക്കാരുടെ എണ്ണം 33950ൽ നിന്ന് 26936 ആയി കുറഞ്ഞു. പ്രതിദിന ശരാശരി വരുമാനം 30.81 കോടിയിൽനിന്ന് 58.02 കോടിയായി ഉയർന്നു.
വൈദ്യുതി നിരക്കു വർധിപ്പിക്കാൻ സർക്കാരിനു കെഎസ്ഇബി ശുപാർശയൊന്നും നൽകിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു. ദീർഘകാലമായി നിർമാണത്തിലിരിക്കുന്ന 6 വൈദ്യുതപദ്ധതികളിൽ തൊട്ടിയാർ, പള്ളിവാസൽ പദ്ധതികൾ ഈ വർഷം തന്നെ പൂർത്തിയാക്കും. തൊട്ടിയാർ പദ്ധതി 17 വർഷം മുൻപു തുടങ്ങിയതാണ്. 21.68 കോടി രൂപ കൂടി വേണം. പള്ളിവാസൽ പദ്ധതി പൂർത്തിയാക്കാൻ 32.24 കോടി രൂപ കൂടിയാണ് ആവശ്യമെന്നും മന്ത്രി അറിയിച്ചു.