വിവിധ വിഭാഗങ്ങൾക്കുള്ള കുടിശികകൾ എന്ന് കിട്ടും? ; മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും
Mail This Article
തിരുവനന്തപുരം ∙ വിവിധ വിഭാഗങ്ങൾക്കു സർക്കാർ നൽകാനുള്ള കുടിശിക എന്നു നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നിയമസഭയിൽ പ്രഖ്യാപിക്കും. നാളെ നിയമസഭാ സമ്മേളനം അവസാനിക്കാനിരിക്കെയാണ് ക്ഷേമപെൻഷൻ അടക്കമുള്ളവ എന്നു കൊടുത്തു തീർക്കുമെന്നു മുഖ്യമന്ത്രി സഭയിൽ ഉറപ്പു നൽകുക.
ഇന്നു ധനബിൽ നിയമസഭയിൽ എത്തുന്നുണ്ട്. ബിൽ ചർച്ചയ്ക്കു മറുപടി പറയുമ്പോൾ ധനമന്ത്രിയാണു മുഖ്യ പ്രഖ്യാപനങ്ങൾ നടത്തുക. എന്നാൽ, നിർണായക പ്രഖ്യാപനങ്ങൾ ആയതിനാൽ മുഖ്യമന്ത്രി തന്നെ ചട്ടം 300 പ്രകാരം പ്രസ്താവന നടത്താൻ തീരുമാനിക്കുകയായിരുന്നു. കുടിശികയായ സർക്കാർ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തുന്നതാണെന്ന് ഇന്നത്തെ സഭാനടപടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
5 മാസത്തെ ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്തയും ശമ്പള പരിഷ്കരണ കുടിശികയും, പെൻഷൻകാരുടെ ക്ഷാമാശ്വാസം, പെൻഷൻ പരിഷ്കരണ കുടിശികയുടെ ഒരു ഗഡു, യുജിസി ശമ്പള പരിഷ്കരണ കുടിശിക തുടങ്ങിയവയാണു വിതരണം ചെയ്യാനുള്ളത്.