സ്വകാര്യ ബസിലെ കൺസഷൻ പാസ് ഇനി ഓൺലൈനിൽ; ഒക്ടോബറോടെ ഓൺലൈൻ ബസ് പാസ് നടപ്പാക്കും
Mail This Article
തിരുവനന്തപുരം ∙ സ്വകാര്യ ബസുകളിൽ സ്കൂൾ–കോളജ് വിദ്യാർഥികൾക്ക് കൺസഷനുള്ള പാസ് ഇനി ഓൺലൈനിൽ. ‘ഓൺലൈൻ സ്റ്റുഡന്റ് കൺസഷൻ മാനേജ്മെന്റ് സിസ്റ്റം’ എന്ന പ്രോജക്ട് വഴി ഓൺലൈനായി വിദ്യാർഥികൾക്ക് യാത്രാ പാസിന് അപേക്ഷിക്കാനും വർഷാവർഷം പുതുക്കാനുമാകും. പ്രത്യേക ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആവശ്യമായ രേഖകൾ (സ്കൂൾ ഐഡി കാർഡ്, പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം) തുടങ്ങിയവ സമർപ്പിച്ച് പാസിന് അപേക്ഷിക്കാം. സ്കൂൾ അധികൃതർക്കും പ്രത്യേക ലോഗിൻ ഐഡി ലഭിക്കും. വിദ്യാർഥികളുടെ അപേക്ഷ സ്ഥാപന മേധാവിക്ക് അംഗീകരിക്കാനും തള്ളിക്കളയാനുമാകും. പിന്നീട് എംവിഡി ഉദ്യോഗസ്ഥർ അപേക്ഷ പരിശോധിച്ച് അർഹതപ്പെട്ടവർക്ക് പാസ് അനുവദിക്കും. പാസുകൾ വിദ്യാർഥികൾക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഇമെയിൽ, മെസേജ് സംവിധാനം വഴി അപേക്ഷ ഏതു ഘട്ടത്തിലെത്തിയെന്ന് അറിയാം.
കേരള സ്റ്റാർട്ട് അപ് മിഷൻ വഴിയാണ് സോഫ്റ്റ്‍വെയർ ഡവലപ്മെന്റ്. മുപ്പതോളം കമ്പനികൾ ടെൻഡർ സമർപ്പിച്ചിട്ടുണ്ട്. ഒക്ടോബർ മാസത്തോടെ ഓൺലൈൻ ബസ് പാസ് നടപ്പിലാക്കുമെന്ന് മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റ് അറിയിച്ചു.
നിലവിൽ ഡ്യൂപ്ലിക്കറ്റ്, അനധികൃത പാസ് വ്യാപകമാണെന്ന് ബസ് ഉടമകൾക്ക് പരാതിയുണ്ട്. കൺസഷൻ ഉപയോഗിക്കുന്ന വിദ്യാർഥികളുടെ കണക്കു കൃത്യമായി ഇല്ലാത്തതും പ്രതിസന്ധിയാണ്. ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ സംഘർഷവും ഉണ്ടാകുന്നു. ബസ് പാസ് അനുവദിക്കുന്നതിന് നിലവിൽ കൃത്യമായ ചട്ടങ്ങളും ഇല്ല. ഈ പരാതികൾ പരിഹരിക്കാനും വിദ്യാർഥി യാത്രാ പാസുകൾക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനും ഓഫിസുകളിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം.