ADVERTISEMENT

തിരുവനന്തപുരം ∙ എച്ച്‌1എൻ1, ഡെങ്കിപ്പനി എന്നിവയ്ക്കൊപ്പം കോളറയും പടർന്നുപിടിക്കുന്നു. ഒരാഴ്ചയ്ക്കിടെ 8379 പേർക്കു പനി സ്ഥിരീകരിച്ചു. 1898 പേർ വയറിളക്കവും അനുബന്ധരോഗങ്ങളുമായി ഒരാഴ്ചയ്ക്കിടെ ചികിത്സ തേടി. കഴിഞ്ഞ മാസം എലിപ്പനി ബാധിച്ച് 2 പേരും ഈ മാസം കോളറ ബാധിച്ച് ഒരാളും മരിച്ചു. നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാർ താമസിക്കുന്ന ഹോസ്റ്റലിൽ 3 പേർക്കു കോളറ ബാധിച്ചതിൽ ഒരാളാണു മരിച്ചത്.

കൊല്ലം ജില്ലയിൽ ഈ മാസം എഴുനൂറിലേറെപ്പേർക്കു ഡെങ്കിപ്പനിയുണ്ടായി. 16 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു.

ആലപ്പുഴയിൽ 3 മാസത്തിനിടെ 2 പേർ എലിപ്പനി ബാധിച്ചു മരിച്ചു. തൃക്കുന്നപ്പുഴയിൽ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു. ‍10 ദിവസത്തിനിടെ 76 പേർക്കു ഡെങ്കിപ്പനിയുണ്ടായി. 36 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു.

ഇടുക്കിയിൽ വൈറൽപനി ബാധിച്ച് 402 പേരാണ് ഇന്നലെ മാത്രം ഗവ. ആശുപത്രികളിൽ ചികിത്സ തേടിയത്. ഈ മാസം 39 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 2 പേർക്ക് എലിപ്പനി, 2 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. എച്ച്1എൻ1 മൂലമുള്ള ഒരു മരണവുമുണ്ട്.

കോട്ടയം ജില്ലയിൽ കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ നഗരസഭാ പ്രദേശങ്ങളിലും പുതുപ്പള്ളി, എരുമേലി, മറവൻതുരുത്ത്, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, കാട്ടാമ്പാക്ക് തുടങ്ങിയ പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമാണ്.

എറണാകുളത്ത് ഈ മാസം മാത്രം 754 പേർക്കാണു ഡെങ്കിപ്പനി ബാധിച്ചത്. ഒരാൾ മരിച്ചു. എലിപ്പനിയും മഞ്ഞപ്പിത്തവും ജില്ലയിൽ വ്യാപകമാണ്.

തൃശൂരിൽ ഈ മാസം പകർച്ചവ്യാധി മൂലം 2 പേർ മരിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ഓരോരുത്തരാണു മരിച്ചത്. 125 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

പാലക്കാട്ട് 3 പേർക്കു കേ‍ാളറ സ്ഥിരീകരിച്ചു.

മലപ്പുറത്ത് ഈ വർഷം വൈറൽ ഹെപ്പറ്റൈറ്റിസ് ബാധയെത്തുടർന്നു 11 മരണങ്ങളുണ്ടായി. സംശയാസ്പദമായ 7 മരണങ്ങളുമുണ്ടായി. മേയ് മാസം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മൂന്നിയൂരിലെ 5 വയസ്സുകാരി മരിച്ചു. ഈ വർഷം 4 പേർക്കു വെസ്റ്റ്നൈൽ ഫീവർ പിടിപെട്ടു.

കോഴിക്കോട്ട് കഴിഞ്ഞ മാസം ഡെങ്കി ബാധിച്ച് 2 പേരും എലിപ്പനി ബാധിച്ച് 2 പേരും എച്ച്1എൻ1 ബാധിച്ച് ഒരാളും മരിച്ചു. വെസ്റ്റ്നൈൽ ബാധിച്ച് ആദ്യ മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 3 കുട്ടികളാണ് 2 മാസത്തിനിടെ മരിച്ചത്.

കണ്ണൂരിൽ ഡെങ്കിപ്പനി ബാധിച്ച് ഈ വർഷം 8 പേർ മരിച്ചു. 

English Summary:

Fever spreading in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com