ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിന്റെ വികസനപ്രതീക്ഷയായി ആദ്യ കണ്ടെയ്നർ മദർഷിപ് വിഴിഞ്ഞത്തിന്റെ തീരം തൊട്ടു. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ‘സാൻ ഫെർണാണ്ടോ’ മദർഷിപ് രാജ്യത്തെ ഏറ്റവും ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് തുറമുഖത്തു ബെർത്തിങ് പൂർത്തിയാക്കിയത് ഇന്നലെ രാവിലെ 9.50ന്. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിലേക്കു പുതിയ കപ്പൽച്ചാൽ തുറന്ന ചരിത്രനിമിഷം. മന്ത്രിമാരായ വി.എൻ.വാസവനും ജി.ആർ.അനിലും ചേർന്നാണ് കപ്പലിനെ വരവേറ്റത്.

ട്രയൽ റൺ ഉദ്ഘാടനം ഇന്നു രാവിലെ 10നു വിഴിഞ്ഞത്ത് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കി കപ്പൽ ഇന്നു തുറമുഖം വിടും. നാളെത്തന്നെ ഫീഡർ കപ്പലുകൾ എത്തുന്നതോടെ ട്രാൻസ്ഷിപ്മെന്റിനും (ചരക്കുമാറ്റം) തുടക്കമാകും.

തുറമുഖത്ത് 3 മാസത്തോളം നീളുന്ന ട്രയൽ റണ്ണിൽ തുടർച്ചയായി മദർഷിപ്പുകൾ എത്തും. കമ്മിഷൻ ചെയ്യുന്നത് ഒക്ടോബറിലാണെങ്കിലും ആദ്യ കണ്ടെയ്നർ ഷിപ്പിന്റെ വരവോടെ വരുമാനം ലഭിച്ചുതുടങ്ങും. കഴിഞ്ഞ ഒക്ടോബറിൽ ആദ്യ ചരക്കുകപ്പൽ ക്രെയ്നുകളുമായാണ് എത്തിയതെങ്കിൽ, വാണിജ്യപ്രവർത്തനത്തിന്റെ ഭാഗമായി ആദ്യ കണ്ടെയ്നർ കപ്പലെത്തിയത് ഇന്നലെയാണ്.

നിലവിൽ കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ആകെ ചരക്കിൽ ഏതാണ്ട് 60% ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്റെ ഗണ്യമായ ഭാഗം ഇനി വിഴിഞ്ഞത്തെത്തും. ഇന്ത്യയിലേക്കുള്ള കണ്ടെയ്നറുകൾ മാത്രമല്ല, കൊളംബോയെ ഇപ്പോൾ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളിലേക്കുള്ള കണ്ടെയ്നറുകളും മാറ്റിക്കയറ്റുന്ന ഹബ്ബായി വിഴിഞ്ഞം മാറുന്നതോടെ രാജ്യാന്തരതലത്തിൽ കേരളത്തിന്റെ വാണിജ്യപ്രസക്തി ഉയരും. ഈ സാധ്യത മുൻകൂട്ടി കണ്ടാണ്, ആദ്യഘട്ടം കമ്മിഷൻ ചെയ്യുന്നതിനൊപ്പം തന്നെ രണ്ടാം ഘട്ട വികസനത്തിനും അദാനി പോർട്സ് തുടക്കമിടുന്നത്.

സതീശന് ക്ഷണമില്ല; തരൂർ പങ്കെടുക്കില്ല

തിരുവനന്തപുരം ∙ തുറമുഖത്തിന്റെ ‘ക്രെഡിറ്റ്’ സംബന്ധിച്ചു മാത്രമല്ല, ട്രയൽ റൺ ഉദ്ഘാടനച്ചടങ്ങിലെ പങ്കാളിത്തവും വിവാദത്തിൽ. തുറമുഖ നിർമാണത്തിന്റെ നിർണായക ഘട്ടത്തിൽ മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലിനു വേദിയിൽ ഇടം നൽകാത്തത് ഇടതുമുന്നണിയിൽ കല്ലുകടിയായി. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ക്ഷണമില്ല.

ശശി തരൂർ എംപി വിട്ടുനിൽക്കുമെന്നു പ്രഖ്യാപിക്കുകയും എം.വിൻസന്റ് എംഎൽഎ ക്ഷണം സ്വീകരിക്കുകയും ചെയ്തതോടെ കോൺഗ്രസിൽ ഭിന്നസ്വരമെന്ന മട്ടായി.  ഉമ്മൻ ചാണ്ടിയുടെ പങ്ക് അവഗണിക്കുന്നതിനെതിരെ ഇന്നു ജില്ലാ ആസ്ഥാനങ്ങളിൽ പ്രകടനം നടത്താൻ യുഡിഎഫ് തീരുമാനിച്ചു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലെന്നതിന്റെ പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാ നേതൃത്വവും വിട്ടുനിൽക്കും.

English Summary:

First container mothership has arrived in Vizhinjam Port

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com