എൻജിനീയറിങ് എൻട്രൻസ്: പി.ദേവാനന്ദിന് ഒന്നാം റാങ്ക്; ആദ്യ 4 റാങ്കുകാർക്ക് ഒരേ മാർക്ക്
Mail This Article
തിരുവനന്തപുരം ∙ കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ ആലപ്പുഴ ചന്ദനക്കാവ് ‘മന്ദാര’ത്തിൽ പി.ദേവാനന്ദിന് ഒന്നാം റാങ്ക്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫിസർ പി.പത്മകുമാറിന്റെയും പത്തനംതിട്ട തടിയൂർ എൻഎസ്എസ് എച്ച്എസ്എസ് അധ്യാപിക പി.ആർ.മഞ്ജുവിന്റെയും മകനാണ്.
ഖത്തറിൽ പീഡിയാട്രിഷ്യനായ പെരിന്തൽമണ്ണ പൊന്ന്യാർകുർശി എലിക്കോട്ടിൽ ഡോ. അബ്ദുറഹ്മാന്റെയും ഷാഹിനയുടെയും മകൻ ഹാഫിസ് റഹ്മാനാണ് രണ്ടാം റാങ്ക്. മൂന്നാം റാങ്ക് പത്തനംതിട്ട റാന്നി വെള്ളയിൽ കുറ്റിക്കണ്ടത്തിൽ വലിയകാവുങ്കൽ അനിൽ ജോണിയുടെയും (സിവിൽ എൻജിനീയർ) പത്തനംതിട്ട ഞുണ്ണുങ്കൽപ്പടി കാലായിൽ ലീന അനിലിന്റെയും മകൻ അലൻ ജോണി അനിലിനാണ്. കെഎസ്എഫ്ഇ തങ്കമണി ബ്രാഞ്ച് മാനേജരായ വൈക്കം ടിവി പുരം കൊറ്റാറമ്പത്ത് ജോയ് ജോർജിന്റെയും വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് എച്ച്എസ്എസ് അധ്യാപിക ടിൻസി ദേവസ്യയുടെയും മകൻ ജോർഡൻ ജോയിക്കാണ് നാലാം റാങ്ക്.
ആദ്യ 4 റാങ്കുകാർക്ക് ഒരേ മാർക്കാണു ലഭിച്ചത്. 600 ൽ 591.6145. തുടർന്ന് കണക്കിന് ഏറ്റവും കൂടുതൽ മാർക്ക് ആർക്കെന്നു നോക്കിയാണ് റാങ്ക് നിശ്ചയിച്ചതെന്നു പ്രവേശനപരീക്ഷാ കമ്മിഷണർ കെ.സുധീർ പറഞ്ഞു. ഫാർമസി പ്രവേശനപരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിക്കും. എൻജിനീയറിങ് പ്രവേശന നടപടികൾ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) നിർദേശം ലഭിച്ചശേഷം തുടങ്ങുമെന്നും അധികൃതർ പറഞ്ഞു. ആർക്കിടെക്ചർ പ്രവേശനപരീക്ഷയുടെ ഫലവും പ്രഖ്യാപിക്കാനുണ്ട്.