വിഴിഞ്ഞം തുറമുഖം: രൂക്ഷം രാഷ്ട്രീയപ്പോര്
Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനച്ചടങ്ങിന്റെ വേദിയിൽ ഇടമില്ലാത്തതിൽ വിഷമമില്ലെന്നും ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചിട്ടുണ്ടെന്നും മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇന്നു സ്ഥലത്തില്ലാത്തതിനാൽ ചടങ്ങിനു സാക്ഷിയാകാൻ എത്തില്ലെന്നും അറിയിച്ചു. ആദ്യ കപ്പൽ വന്ന് 9 മാസം കഴിഞ്ഞിട്ടും തീരദേശ സമൂഹത്തിന്റെ ദുരിതമകറ്റാൻ സർക്കാർ ഒരു ശ്രമവും നടത്താത്ത സാഹചര്യത്തിൽ ട്രയൽ റൺ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നത് അനുചിതമാകുമെന്നാണ് ശശി തരൂർ എംപിയുടെ നിലപാട്. തുറമുഖം കമ്മിഷൻ ചെയ്യുന്നതിനു മുൻപെങ്കിലും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകണം.
അതേസമയം, പദ്ധതി യുഡിഎഫിന്റെ കുഞ്ഞായതിനാൽ പങ്കെടുക്കുമെന്നാണ് സ്ഥലം എംഎൽഎയായ എം.വിൻസന്റ് എംഎൽഎയുടെ നിലപാട്. ഇന്നലെ ബെർത്തിലെത്തിയ കപ്പലിനെ മന്ത്രിമാർ സ്വീകരിക്കുന്ന ചടങ്ങിലും വിൻസന്റ് പങ്കെടുത്തു.
ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ് വിഴിഞ്ഞത്തേതെന്നും 5595 കോടി രൂപ പദ്ധതിക്കായി മുടക്കേണ്ടിയിരുന്നിടത്ത് 884 കോടി മാത്രം നൽകിയ പിണറായി സർക്കാരിന് ഈ പദ്ധതിയിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടാണെന്നു പറഞ്ഞ് അഴിമതിയാരോപണം ഉന്നയിച്ച അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും പറഞ്ഞു. നാടിന്റെ വികസനത്തിനൊപ്പം ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ സർക്കാരും തുറമുഖത്തിനായി പ്രവർത്തിച്ചതെങ്കിൽ രാജ്യാന്തര ലോബിയുടെ ചട്ടുകമായി മാറുകയാണു പിണറായിയും കൂട്ടരും ചെയ്തതെന്നു കെ.സുധാകരൻ ആരോപിച്ചു.
വിഴിഞ്ഞം പദ്ധതിയിൽ യുഡിഎഫിന്റെ പങ്കു സമ്മതിക്കുന്നതിൽ പിണറായി സർക്കാരിന് അസഹിഷ്ണുതയാണെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസൻ കുറ്റപ്പെടുത്തി.