ADVERTISEMENT

ചാരുംമൂട് (ആലപ്പുഴ)∙ കിടപ്പുരോഗിയെയും കൊണ്ടു ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലൻസ് നടുറോഡിൽ തടഞ്ഞിട്ട യുവാക്കൾ ഡ്രൈവറെയും സഹായിയെയും കയ്യേറ്റം ചെയ്തു. എന്നാൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തത് അപകടകരമായ ഡ്രൈവിങ്ങിനു മാത്രം.

11 ന് രാവിലെ കൊല്ലം– തേനി റോ‍ഡിൽ താമരക്കുളം പണ്ടാരവിള ജംക്‌ഷനിലാണു സംഭവം. ആനയടി വയ്യാങ്കര ജംക്‌ഷനു സമീപം താമസിക്കുന്ന കിടപ്പുരോഗിയായ മണിയനെ (52) ഭാര്യ ശാലിനി ആംബുലൻ‍സിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. ശൂരനാട് സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ച വാൻ പല തവണ അമിതവേഗത്തിലും അപകടകരമായും ആംബുലൻസിനെ മറികടക്കാൻ ശ്രമിച്ചെന്ന് ആംബുലൻസ് ഡ്രൈവർ ശൂരനാട് നോർത്ത് സ്വദേശി വിഷ്ണു പറഞ്ഞു.

പണ്ടാരവിള ജംക്‌ഷനു സമീപം വാൻ ആംബുലൻസിനെ മറികടന്നപ്പോൾ വിഷ്ണു ഇതു ചോദ്യം ചെയ്തു. അതോടെ വാൻ കുറുകെ നിർത്തിയിട്ടു യുവാക്കൾ ആക്രോശത്തോടെ ആംബുലൻസിനു നേരെ പാഞ്ഞടുത്തു. വണ്ടി നിർത്തി വിഷ്ണുവും സഹായിയും പുറത്തിറങ്ങി. വാക്കുതർക്കം കയ്യാങ്കളിയിലെത്തി. പക്ഷാഘാതം വന്നു തളർന്നു കിടക്കുന്ന രോഗി ആംബുലൻസിൽ ഉണ്ടെന്നു പറഞ്ഞിട്ടും യുവാക്കൾ ഗൗനിച്ചില്ലെന്നും വിഷ്ണു പറഞ്ഞു. രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം വിഷ്ണു നൂറനാട് പൊലീസിൽ പരാതിപ്പെട്ടു.

ഷമീർ, സക്കീർ, ജഫ്നാദ് മുഹമ്മദ് എന്നിവരാണ് വാനിൽ ഉണ്ടായിരുന്നത്. ഷമീറാണു വാഹനം ഓടിച്ചത്. ഇന്നലെ ആംബുലൻസ് ഡ്രൈവറെയും യുവാക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ചർച്ച നടത്തി. ആംബുലൻസ് തടഞ്ഞെന്ന പരാതി വിഷ്ണു പിൻവലിച്ചതിനാൽ സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നു നൂറനാട് ഇൻസ്പെക്ടർ ഷൈജു ഇബ്രാഹിം പറഞ്ഞു. അപകടകരമായി വാഹനമോടിച്ചതിനു ഷമീറിനെതിരെ കേസുണ്ട്.

ജീവകാരുണ്യ സംഘടനയുടെ ആംബുലൻസാണ് ഓടിക്കുന്നത്. പക്ഷാഘാതം വന്ന രോഗിയെ നാട്ടുകാരുടെ കാരുണ്യത്തിലാണു ചികിത്സിക്കുന്നത്. ഇദ്ദേഹത്തെ സൗജന്യമായി ആശുപത്രിയിൽ എത്തിക്കാനാണു പോയത്. പൊലീസ് സ്റ്റേഷനിൽ യുവാക്കൾ ക്ഷമാപണം നടത്തിയതോടെ അവരുടെ ഭാവിയോർത്താണു പരാതി പിൻവലിച്ചത്.

English Summary:

Youths assault Ambulance driver and assistant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com