ജെൻ എഐ കോൺക്ലേവിന് സമാപനം: നിർമിതബുദ്ധിയുടെ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ
Mail This Article
കൊച്ചി ∙ സംസ്ഥാന സർക്കാരിന്റെയും ഏജൻസികളുടെയും പദ്ധതികളിലും നിർവഹണത്തിലും എഐ (നിർമിതബുദ്ധി) ഉപയോഗം വ്യാപകമാക്കാൻ സർക്കാർ തീരുമാനം. 10 കോടി രൂപയിൽ കുറഞ്ഞ മൂലധനമുള്ള എഐ സംരംഭങ്ങൾക്കു കെഎസ്ഐഡിസി മുഖേന പങ്കാളിത്ത മൂലധന നിക്ഷേപമെന്ന നിലയിൽ 5 കോടി രൂപ നൽകും. വ്യവസായ നയത്തിന്റെ ഭാഗമായി ഒരു കോടി രൂപ സ്കെയിൽ അപ് ഗ്രാന്റും ലഭ്യമാക്കും.
നിലവിലുള്ള ചെറുകിട സംരംഭകർ എഐ സാങ്കേതികവിദ്യ സ്വീകരിച്ചാലും സമാന സാമ്പത്തിക സഹായം ലഭിക്കും. നടപ്പു സാമ്പത്തിക വർഷം തന്നെ സമഗ്ര എഐ (നിർമിതബുദ്ധി) നയം പ്രഖ്യാപിക്കാനും സർക്കാർ തീരുമാനിച്ചു. പ്രഥമ ജെൻ എഐ കോൺക്ലേവിന്റെ സമാപന വേദിയിലാണ് ഇവയുൾപ്പെടെ വിവിധ പ്രഖ്യാപനങ്ങൾ അടങ്ങിയ ‘ഡിക്ലറേഷൻ’ മന്ത്രി പി.രാജീവ് അവതരിപ്പിച്ചത്.
പ്രസക്ത ഭാഗങ്ങൾ: വ്യവസായ നയത്തിൽ എഐ മുൻഗണനാ വിഷയമാകും. എഐ ആവാസവ്യവസ്ഥ മുന്നിൽക്കണ്ട് അടിസ്ഥാന സൗകര്യം വികസിപ്പിക്കും. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ എഐ ക്ലസ്റ്റർ വ്യവസായ പാർക്ക് സ്ഥാപിക്കും. ഗ്രാഫിക്സ് പ്രോസസിങ് സെന്ററുകൾ, ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുണ്ടാകും. പ്ലഗ് ആൻഡ് പ്ലേ സംവിധാനമുള്ള ഇൻകുബേഷൻ സംവിധാനവും സ്ഥാപിക്കും. എഐ അധിഷ്ഠിതമായ ടെക്നോളജി സംഘങ്ങൾ രൂപീകരിക്കും. മറൈൻ ജീനോം സീക്വൻസിങ്, ടൂറിസം, ആരോഗ്യം, ഐടി-ഐടി അനുബന്ധ മേഖലകൾ എഐ അധിഷ്ഠിതമാക്കും. ഡേറ്റ ബേസ് വിശകലനത്തിന് എഐ ഉപയോഗിക്കും.