കൊങ്കൺ: ട്രെയിനുകളുടെ വൈകിയോട്ടം വലച്ചു
Mail This Article
തൃശൂർ ∙ മണിക്കൂറുകളോളം ട്രെയിനുകൾ വൈകിയോടിയതു മൂലം യാത്രക്കാർ നേരിട്ടതു കനത്ത ദുരിതം. കൊങ്കൺ പാതയിലെ വെള്ളക്കെട്ടു മൂലമുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചെന്നും ട്രെയിൻ സർവീസ് പഴയപടിയായെന്നുമുള്ള റെയിൽവേയുടെ അറിയിപ്പു വിശ്വസിച്ചു വെള്ളിയാഴ്ച രാത്രിയിൽ യാത്ര പുറപ്പെട്ടവരാണു കുടുങ്ങിയത്. പല വണ്ടികളും മണിക്കൂറുകളോളം വൈകിയാണ് ഓടിയത്. പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 21 മണിക്കൂർ വരെ വൈകിയതു യാത്രക്കാരെ ദുരിതത്തിലാക്കി.
കൊങ്കണിലെ ഗതാഗതം കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചതോടെ ദുരിതം അവസാനിച്ചെന്നു കരുതിയ യാത്രക്കാരെ വലച്ചുകൊണ്ടാണു കഴിഞ്ഞ ദിവസം രാത്രിയിലും ട്രെയിനുകൾ ഏറെ വൈകിയത്. ഇൻഡോർ വീക്ക്‌ലി സൂപ്പർഫാസ്റ്റ് –9 മണിക്കൂർ, തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് –4 മണിക്കൂർ, രാജധാനി എക്സ്പ്രസ് –3.45 മണിക്കൂർ, വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് –ഒന്നര മണിക്കൂർ എന്നിങ്ങനെ ഒട്ടുമിക്ക ട്രെയിനുകളും ഏറെ വൈകിയാണ് ഓടിയത്. എറണാകുളത്തിനും കാസർകോടിനും ഇടയിലുള്ള യാത്രക്കാരാണു കൂടുതലും ദുരിതത്തിലായത്.