ADVERTISEMENT

തൃശൂർ ∙ വിഴിഞ്ഞം പദ്ധതി യുഡിഎഫിന്റെ കുട്ടിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 6000 കോടിയുടെ അഴിമതിയാണു വിഴിഞ്ഞം പദ്ധതിയെന്നു പറഞ്ഞിരുന്നയാളാണു പിണറായി വിജയൻ. കെ. കരുണാകരൻ സർക്കാരിൽ എം.വി. രാഘവൻ തുറമുഖവകുപ്പ് മന്ത്രിയായിരിക്കുന്ന കാലത്താണു ഡിസൈനും എൻജിനീയറിങ്ങും പൂർത്തിയാക്കിയത്. പദ്ധതി നടപ്പാക്കാൻ നിശ്ചയദാർഢ്യത്തോടെ തീരുമാനമെടുത്തത് ഉമ്മൻ ചാണ്ടി സർക്കാരും.

എന്നാൽ, പദ്ധതിയാകെ ഹൈജാക്ക് ചെയ്ത പിണറായി വിജയൻ എട്ടുകാലി മമ്മൂഞ്ഞിന്റെ പരിപാടിയാണു ചെയ്തത്. പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായ 5500 കോടിയിൽ 8 കൊല്ലം കൊണ്ട് 850 കോടി മാത്രമേ നൽകിയിട്ടുള്ളൂ. കടൽഭിത്തി കെട്ടുമ്പോൾ ഇരകളായി മാറുന്നവർക്കു വേണ്ടി 472 കോടി രൂപയുടെ പുനരധിവാസ പാക്കേജും ഉമ്മൻചാണ്ടി സർക്കാർ ആവിഷ്കരിച്ചിരുന്നു. ഇതും പിണറായി സർക്കാർ നടപ്പാക്കിയിട്ടില്ല. സതീശൻ പറഞ്ഞു. 

കർഷക രക്ഷയ്ക്കായി പാക്കേജ് വേണം: വി.ഡി. സതീശൻ

പാലക്കാട് ∙ സംസ്ഥാനത്തു കാർഷിക മേഖലയുടെയും കർഷകരുടെയും രക്ഷയ്ക്കായി സമഗ്ര കാർഷിക, നഷ്ടപരിഹാര പാക്കേജുകൾ വേണമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇക്കഴിഞ്ഞ കടുത്ത വേനലിലും തുടർന്നുള്ള മഴയിലുമായി സംസ്ഥാനത്ത് 1,000 കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. നെല്ലു സംഭരണത്തിൽ സർക്കാർ, ബാങ്കുകൾക്കു യഥാസമയം തുക നൽകാതെ കർഷകരെ കടക്കാരാക്കുന്നു. കർഷക ആത്മഹത്യകളെ ആ വിധത്തിൽ സർക്കാർ പരിഗണിക്കുന്നില്ല.

കൃഷിക്കാർക്കു ഗുണകരമാകുന്ന വിധത്തിൽ കാർഷിക ഇൻഷുറൻസും നടപ്പാക്കണം. നിലവിലെ വിള ഇൻഷുറൻസ് ആനുകൂല്യം പോലും കുടിശികയാണ്. കാർഷിക ഉൽപന്നങ്ങൾക്കു വില കിട്ടുന്നില്ല. ഇടനിലക്കാർ നേട്ടമുണ്ടാക്കുന്നു. സർക്കാർ ഏജൻസികളായ വിഎഫ്പിസികെയും ഹോർട്ടികോർപ്പും സംസ്ഥാനത്തെ കർഷകരി‍ൽ നിന്ന് ഉൽപന്നങ്ങൾ സംഭരിക്കാതെ തമിഴ്നാട്ടിൽ നിന്ന് ഇടനിലക്കാർ വഴി പച്ചക്കറി എത്തിച്ചാണ് ഇവിടെ വി‍ൽക്കുന്നത്.

English Summary:

Opposition leader V.D. satheesan about Vizhinjam project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com