വിഴിഞ്ഞം യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടി: കെ.സി.ജോസഫ്
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഇട്ടാലും ഇല്ലെങ്കിലും വിഴിഞ്ഞം എന്നു കേൾക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ തെളിയുന്ന മുഖം അദ്ദേഹത്തിന്റെതാണെന്നു മുൻമന്ത്രി കെ.സി.ജോസഫ്.
ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി മാത്രമാണ് വിഴിഞ്ഞം യാഥാർഥ്യമാകാൻ കാരണം. വളരെയേറെ എതിർപ്പുകളും വിമർശനങ്ങളും അദ്ദേഹം നേരിട്ടു. കുളച്ചൽ തുറമുഖത്തിനായി അന്നത്തെ കേന്ദ്ര ഷിപ്പിങ് മന്ത്രി പൊൻ രാധാകൃഷ്ണനും സംഘവും ശ്രമിച്ചെങ്കിലും ഉമ്മൻ ചാണ്ടിയുടെ സമയോചിതമായ ഇടപെടലാണ് പദ്ധതി വിഴിഞ്ഞത്ത് ഉറപ്പിച്ചത്.
ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പുവച്ച ധാരണാ പത്രം അനുസരിച്ച് 2019 ഡിസംബർ 15ന് മുൻപ് പദ്ധതി പൂർത്തിയാക്കേണ്ടതായിരുന്നു. ഭരണമാറ്റം ഉണ്ടായതോടെ പദ്ധതിയെക്കുറിച്ചു വലിയ ആശങ്കകൾ ഉണ്ടായെങ്കിലും അതുമായി മുന്നോട്ടു പോകാൻ പിണറായി സർക്കാർ നിർബന്ധിതമായി. 2015 ഡിസംബർ 15ന് പദ്ധതി ആരംഭിച്ച ദിവസത്തെ ‘കേരളത്തെ വിൽക്കുന്ന ദിവസം’ എന്നാണ് സിപിഎം വിശേഷിപ്പിച്ചത്.
അഴിമതിയുടെ പര്യായമായി പദ്ധതിയെ വിശേഷിപ്പിച്ച പിണറായി വിജയന് ‘സ്വപ്നം തീരമണയുന്നു’ എന്നു പറയേണ്ടി വന്നത് കാവ്യനീതിയാകാമെന്ന് കെ.സി.ജോസഫ് പറഞ്ഞു