‘വിളഞ്ഞ’ വായന; 11 പുസ്തകങ്ങൾ ഒറ്റ ദിവസം വിലയിരുത്തി ജൂറി; പുരസ്കാര നിർണയം വിവാദത്തിൽ
Mail This Article
തൃശൂർ ∙ ഒറ്റ ദിവസംകൊണ്ട് 11 പുസ്തകങ്ങൾ വായിച്ചുവിലയിരുത്തി അവാർഡും നിർണയിച്ച് മൂന്നംഗ ജൂറി. കേരള സാഹിത്യ അക്കാദമി നൽകുന്ന വിലാസിനി പുരസ്കാരമാണു വിവാദത്തിലായത്. ജൂറിക്കു പുസ്തകങ്ങൾ നൽകിയതും അവാർഡ് നിർണയിച്ചതും 2023 ജൂൺ 23നാണ്.
പി.കെ.പോക്കറിന്റെ ‘സർഗാത്മകതയുടെ നീലവെളിച്ചം’ എന്ന കൃതിക്കാണ് 50,000 രൂപയുടെ പുരസ്കാരം നൽകിയത്. അവാർഡ് നിലവാരമില്ലാത്ത കൃതിക്കാണെന്നും വിലാസിനിയുടെ അവകാശിയുമായി സാഹിത്യ അക്കാദമി ഉണ്ടാക്കിയ കരാറിലെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കൃതി തിരഞ്ഞെടുത്തതെന്നും കാണിച്ച് മന്ത്രിക്കും സാഹിത്യ അക്കാദമിക്കും പരാതി ലഭിച്ചിരുന്നു.
അക്കാദമിയിലെ മുൻ പബ്ലിക്കേഷൻ ഓഫിസർ സി.കെ.ആനന്ദൻപിള്ളയ്ക്കു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് തീയതി സംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. 3 വിധികർത്താക്കളും വെവ്വേറെ വിധിനിർണയിക്കണമെന്ന് കരാറിൽ ഉണ്ടായിരുന്നു. അക്കാദമിയുടെ മറ്റു പുരസ്കാരങ്ങളുടെ വിധിനിർണയവും അങ്ങനെയാണ്.
എക്സിക്യൂട്ടീവ് കമ്മിറ്റി നൽകിയ 16 പേരുടെ പാനലിൽനിന്ന് 3 പേരെ അക്കാദമി പ്രസിഡന്റ് ജൂറിയായി നിയമിച്ചെന്നു മറുപടിയിലുണ്ട്. ജൂറിക്കു നൽകിയ 11 പുസ്തകങ്ങൾ എന്തു മാനദണ്ഡത്തിലാണ് തിരഞ്ഞെടുത്തതെന്നു വ്യക്തമല്ല. നോവലിനെക്കുറിച്ചുള്ള പഠനത്തിനോ നോവലിസ്റ്റിന്റെ കൃതികളെക്കുറിച്ചുള്ള പഠനത്തിനോ വേണം അവാർഡ് നൽകാനെന്ന മാനദണ്ഡം ലംഘിച്ച് ലേഖന സമാഹാരത്തിനാണ് അവാർഡ് നൽകിയതെന്നും പരാതി ഉണ്ടായിരുന്നു.
മലയാളത്തിൽ നോവൽ നിരൂപണം ശക്തിപ്പെടുത്തുന്നതിന് പുരസ്കാരം ഏർപ്പെടുത്തുന്ന കാര്യം വിലാസിനി മരണത്തിനു മുൻപു സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. അക്കാദമിയുടെ പേരിൽ നിക്ഷേപിച്ചിട്ടുള്ള 3 ലക്ഷം രൂപയുടെ പലിശ ഉപയോഗിച്ച് 2 വർഷം കൂടുമ്പോഴാണു പുരസ്കാരം നൽകുന്നത്.