മണ്ണിടിച്ചിൽ: ലോവർപെരിയാർ ജലവൈദ്യുത പദ്ധതിയുടെ സ്വിച്ച് യാഡിൽ നാശം
Mail This Article
ചെറുതോണി ∙ ലോവർപെരിയാർ ജലവൈദ്യുത പദ്ധതിയുടെ കരിമണൽ പവർഹൗസിലെ സ്വിച്ച് യാഡിനു മണ്ണിടിച്ചിലിൽ കനത്ത നാശനഷ്ടം. ഇന്നലെ പുലർച്ചെ 3.45നു മഴയ്ക്കിടെ സമീപത്തെ മലയുടെ ഒരു ഭാഗം സ്വിച്ച് യാഡിലേക്കു വീഴുകയായിരുന്നു. സ്വിച്ച് യാഡിലെ 6 ഫീഡറുകളിൽ രണ്ടെണ്ണം മണ്ണിനടിയിലായി. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.
ഇടുക്കിയിലേക്കും ബ്രഹ്മപുരത്തേക്കും വൈദ്യുതി തിരിച്ചുവിടുന്ന ഫീഡറുകളാണ് തകർന്നത്. ഓരോ ഫീഡറിന്റെയും മിന്നൽ രക്ഷാചാലകം, കപ്പാസിറ്റർ വോൾട്ടേജ് ട്രാൻസ്ഫോമർ, കണക്‌ഷൻ ടെർമിനൽ ബോക്സ് എന്നിവ മാറ്റി സ്ഥാപിക്കേണ്ടി വരും. അപകടത്തിൽ തകർന്ന ഫീഡറുകളിൽ നിന്നുള്ള വൈദ്യുതി മറ്റു ഫീഡറുകളിൽ നിന്നു തിരിച്ചു വിട്ടതിനാൽ വിതരണം തടസ്സപ്പെട്ടില്ല.
മണ്ണു നീക്കി വൈകിട്ടോടെ ഇടുക്കിയിലേക്കുള്ള ഫീഡർ പ്രവർത്തനക്ഷമമായി. എന്നാൽ ബ്രഹ്മപുരത്തേക്കുള്ള ഫീഡറിന്റെ തടസ്സങ്ങൾ നീക്കി പ്രവർത്തനം ആരംഭിക്കണമെങ്കിൽ 3 ദിവസം കൂടി വേണ്ടി വരുമെന്നു കരുതുന്നു.
സംരക്ഷണഭിത്തിയും മണ്ണിടിഞ്ഞ് തകർന്നു
മലയടിവാരത്തുള്ള ലോവർപെരിയാർ പവർഹൗസിനും സ്വിച്ച് യാഡിനും സുരക്ഷയൊരുക്കുന്നതിനായി വർഷങ്ങൾക്കു മുൻപു നിർമിച്ച സംരക്ഷണഭിത്തിയുടെ ഒരുഭാഗം തകർത്തുകൊണ്ടാണു മലയിടിഞ്ഞത്. മണ്ണിനൊപ്പം കൂറ്റൻ പാറക്കല്ലുകളും സ്വിച്ച് യാഡിലേക്കു പൊട്ടിവീണു. വലിയ പാറക്കല്ലുകൾ പൊട്ടിച്ചു കഷണങ്ങളാക്കിയ ശേഷമാണു നീക്കുന്നത്.