ADVERTISEMENT

കോട്ടയം ∙ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് (എസ്പിസി) യൂണിറ്റുകളുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളെ സഹായിക്കണമെന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു സംസ്ഥാന സർക്കാരിന്റെ നിർദേശം. എസ്പിസി പരിശീലനത്തിനു മാത്രമായി ഓരോ സ്കൂളിനും കോർപറേഷനുകൾ 75,000 രൂപ വീതവും നഗരസഭ അടക്കമുള്ള മറ്റു തദ്ദേശ സ്ഥാപനങ്ങൾ 50,000 രൂപ വീതവും നൽകാനാണു നിർദേശം. 

ഗ്രാമപ്രദേശങ്ങളിൽ ഗ്രാമപ്പഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്നു വേണം ഓരോ സ്കൂളിനും 50,000 രൂപ വീതം നൽകേണ്ടത്. ഇതിനായി തദ്ദേശസ്ഥാപനങ്ങൾക്കു തനതു ഫണ്ടോ വികസന ഫണ്ടോ ഉപയോഗിക്കാം. കഴിഞ്ഞ വർഷം എസ്പിസിക്കായി ചെലവിട്ട തുകയുടെ ബില്ലുകൾ മാറിയിട്ടില്ലെന്നും യൂണിഫോം, പരേഡ് റിഫ്രഷ്‌മെന്റ്, ക്യാംപ് എന്നിവയ്ക്കുള്ള ഫണ്ടുകൾ അനുവദിക്കാൻ വൈകിയെന്നും പരാതി ഉയർന്നിരുന്നു. 

പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ അധ്യാപകർ സ്വന്തം പോക്കറ്റിൽ നിന്നാണു കുട്ടികൾക്കുള്ള ലഘുഭക്ഷണത്തിന് ഉൾപ്പെടെയുള്ള ചെലവുകൾ കണ്ടെത്തുന്നത്. കമ്യൂണിറ്റി പൊലീസ് ഓഫിസർമാർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവർക്കു ലഭിച്ചിരുന്ന 750 രൂപയുടെ പ്രതിമാസ ഓണറേറിയവും മുടങ്ങുന്നുണ്ട്.

കെഡറ്റുകളുടെ ക്യാംപ് ഭക്ഷണത്തിനായി സർക്കാർ‍ സ്കൂളുകൾക്ക് 60,000 രൂപയും എയ്ഡഡ് സ്കൂളുകൾക്കു 30,000 രൂപയും നൽകിയിരുന്നതു മുടങ്ങിയ നിലയിലാണ്. പദ്ധതിയുടെ ഭാഗമായ കുട്ടികൾക്ക് ഒരു വർഷം ശരാശരി 80 ദിവസം പരിശീലനം നൽകുന്നുണ്ട്. ശനിയാഴ്ചകളിൽ പ്രാതലും ബുധനാഴ്ചകളിൽ വൈകിട്ടു ചായയും പലഹാരവും നൽകണം.

English Summary:

Kerala government directs local bodies to help schools with Student Police Cadet (SPC) units

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com