കുണ്ടറ ആലീസ് വധക്കേസ്: വധശിക്ഷ റദ്ദാക്കി നഷ്ടപരിഹാരം വിധിച്ചതിന് എതിരെ സർക്കാർ
Mail This Article
കൊച്ചി∙ കുണ്ടറ ആലീസ് വധക്കേസിൽ പ്രതിയുടെ വധശിക്ഷ റദ്ദാക്കിയതിനൊപ്പം, സർക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതി വിധിച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു.
നീതിന്യായ സംവിധാനത്തിൽ ഒരു കോടതിക്കു സംഭവിക്കുന്ന തെറ്റു തിരുത്താൻ മേൽകോടതികൾക്കു സാധ്യമാണെന്നും ഇത്തരം പരിശോധനാ സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ വീഴ്ചയുടെ ഉത്തരവാദിത്തം സർക്കാരിന്റെ മേൽ ചുമത്തുന്നതു ശരിയല്ലെന്നുമാണു സർക്കാരിന്റെ വിലയിരുത്തൽ. വിധി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നതിനാൽ എത്രയും വേഗം അതു തിരുത്താൻ ശ്രമം ഉണ്ടാകുമെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) ടി.എ. ഷാജി പറഞ്ഞു.
ഈ കേസിൽ അന്വേഷണ ഏജൻസിയുടെയും നീതിന്യായ സംവിധാനത്തിന്റെയും ഭാഗത്തു വീഴ്ചയുണ്ടായെന്നും പ്രതി ഗിരീഷ്കുമാറിനു നീതി ലഭ്യമാക്കാൻ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നുമാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്. പ്രതി അറസ്റ്റ് ചെയ്യപ്പെട്ടതു മുതൽ 10 വർഷത്തിലേറെ അനുഭവിച്ച തടവും വധശിക്ഷാ വിധി അറിഞ്ഞതു മുതലുള്ള തീവ്ര മനോവേദനയും പരിഗണിച്ചാണു നഷ്ടപരിഹാരം വിധിച്ചത്.
എന്നാൽ, ഈ കേസിൽ പൊലീസ് നടത്തിയ അന്വേഷണവും തെളിവുകളും പരിശോധിച്ച് സെഷൻസ് കോടതി വധശിക്ഷ വിധിച്ചതിൽ നിന്നു തന്നെ, അത്തരം നിയമ വ്യാഖ്യാനവും സാധിക്കുമെന്നു വ്യക്തമായതായി ഡിജിപി പറഞ്ഞു. ഈ സാഹചര്യത്തിൽ സർക്കാരിനുമേൽ കനത്ത നഷ്ടപരിഹാര ബാധ്യത ചുമത്തിയത് ഉചിതമല്ലെന്നാണു പ്രാഥമിക വിലയിരുത്തൽ. ഹൈക്കോടതി വിധി വിശദമായി പരിശോധിച്ച ശേഷം അപ്പീൽ തയാറാക്കാനുള്ള നിയമപരമായ വാദങ്ങൾ കണ്ടെത്തുമെന്നും പറഞ്ഞു.
നിയമ സംവിധാനങ്ങളിൽ അപൂർണതകൾ ഉണ്ടാകാം എന്നതു കൊണ്ടാണു കോടതികളുടെ രണ്ടും മൂന്നും തട്ടിൽ ചോദ്യം ചെയ്യാനും വിലയിരുത്താനുമുള്ള സംവിധാനം നിയമ നിർമാതാക്കൾ വിഭാവനം ചെയ്തിട്ടുള്ളത്. വിചാരണക്കോടതികൾ വധശിക്ഷ വിധിച്ചാൽ പോലും ഹൈക്കോടതിയുടെ അംഗീകാരം ഇല്ലാതെ നടപ്പാക്കാനാവില്ല.
ഇതിനു വേണ്ടി വിചാരണക്കോടതികളിൽ നിന്നു നിർബന്ധമായും ‘ഡെത്ത് സെന്റൻസ് റഫറൻസ്’ ഹൈക്കോടതിയിലേക്ക് അയയ്ക്കണമെന്നു വ്യവസ്ഥയുണ്ട്. വിചാരണക്കോടതിക്കു വീഴ്ചയുണ്ടായാൽ ഹൈക്കോടതിക്കു തിരുത്താൻ അവസരമുണ്ട്. ഇത്തരം സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണു സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ തയാറെടുക്കുന്നത്.