ADVERTISEMENT

കൊച്ചി ∙ മാധ്യമങ്ങൾ ‘സ്റ്റിങ് ഓപ്പറേഷൻ’ നടത്തുന്നത് സത്യം കണ്ടെത്താനും പൗരൻമാരെ അറിയിക്കാനുമുള്ള സദുദ്ദേശ്യത്തോടെയാണെങ്കിൽ പ്രോസിക്യൂഷൻ നടപടിയുണ്ടാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ ജയിലിൽ സോളർ കേസിലെ പ്രതിയുടെ മൊഴി റെക്കോർഡ് ചെയ്യാൻ ശ്രമിച്ചെന്ന വാർത്താ ചാനൽ പ്രവർത്തകർക്കെതിരെയുള്ള കേസ് റദ്ദാക്കിയാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യം പറഞ്ഞത്. 

ദുരുദ്ദേശ്യത്തോടെ, ആരെയെങ്കിലും വ്യക്തിപരമായി അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്റ്റിങ് ഓപ്പറേഷനു മാധ്യമങ്ങൾക്ക് നിയമപരിരക്ഷയില്ല. ഓരോ കേസിന്റെയും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിക്കുന്നത്. കോടതിയുടെ പരിശോധനയുണ്ടാകും. അതിനാൽ സ്റ്റിങ് ഓപ്പറേഷൻ നടത്തുമ്പോൾ മാധ്യമ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നു കോടതി നിർദേശിച്ചു. 

മാധ്യമങ്ങൾക്കു സ്വാതന്ത്ര്യമില്ലെങ്കിൽ ജനാധിപത്യത്തിന്റെ അവസാനമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾ സത്യവും അസത്യവും അറിയണം. പേനയ്ക്കു വാളിനേക്കാൾ ശക്തിയുണ്ടെന്ന ഇംഗ്ലിഷ് നാടകകൃത്ത് എഡ്വേഡ് ബുൽവർ ലിറ്റന്റെ വാചകങ്ങളും കോടതി വിധി ന്യായത്തിൽ കുറിച്ചു.

എന്നാൽ, പേനയുപയോഗിക്കുമ്പോൾ മാധ്യമങ്ങൾ അതീവ ജാഗ്രത പാലിക്കണം. ഒരു ചെറിയ തെറ്റുപോലും ഒരാളുടെ സ്വകാര്യതയെയും ഭരണഘടനാപരമായ അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും പറഞ്ഞു. ജയിലിൽ കഴിയുന്ന പ്രതിയുടെ മൊഴി ഫോണിലൂടെ പകർത്താൻ ശ്രമിച്ചെന്ന പേരിൽ റിപ്പോർട്ടർ ചാനൽ ലേഖകർക്കെതിരെയാണു കേസെടുത്തത്.

English Summary:

Media can do sting operation to search truth says Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com