മനോരമ ബജറ്റ് പ്രഭാഷണം 25 ന്; അവതരിപ്പിക്കുന്നത് സാമ്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി
Mail This Article
കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം 25ന് ആറിന് കൊച്ചി ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടക്കും. എസ് ആൻഡ് പി ഗ്ലോബലിന്റെ ഉപസ്ഥാപനവും രാജ്യത്തെ ആദ്യ റേറ്റിങ് ഏജൻസിയുമായ ക്രിസിലിന്റെ ചീഫ് ഇക്കോണമിസ്റ്റ് ധർമകീർത്തി ജോഷി ആണ് പ്രഭാഷകൻ.
സാമ്പത്തിക ഗവേഷണ രംഗത്തു മൂന്നര പതിറ്റാണ്ടായി പ്രവർത്തിക്കുകയും അനേകം പ്രബന്ധങ്ങളുടെയും പ്രൗഢലേഖനങ്ങളുടെയും പേരിൽ അറിയപ്പെടുകയും ചെയ്യുന്ന ധർമകീർത്തി ജോഷി ബജറ്റ് നിർദേശങ്ങളുടെ കാണാപ്പുറങ്ങൾ അനാവരണം ചെയ്യും. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽ വിസിറ്റിങ് സ്കോളറായിരുന്നിട്ടുള്ള ഇദ്ദേഹം കേന്ദ്ര സർക്കാരിന്റെ വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) എന്നിവയ്ക്കു സാമ്പത്തിക വിഷയങ്ങളിൽ വിദഗ്ധോപദേശം നൽകുന്ന ധർമകീർത്തി ജോഷിയുടെ പ്രഭാഷണത്തിൽ ബജറ്റ് കേരളത്തെ എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലും പ്രതീക്ഷിക്കാം. മനോരമയുടെ വാർഷിക ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തിയഞ്ചാമത്തേതാണിത്.