എഫ്സിഐ ലേലം: സപ്ലൈകോയുടെ വിലക്ക് നീങ്ങും; വഴി തുറന്നു, അരിക്കും ഗോതമ്പിനും
Mail This Article
ന്യൂഡൽഹി ∙ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) ഇ ലേലത്തിൽ പങ്കെടുക്കാൻ ഒന്നരവർഷമായി സപ്ലൈകോയ്ക്കുണ്ടായിരുന്ന വിലക്ക് പിൻവലിക്കാനും റേഷൻ കടകളിലൂടെ നൽകുന്ന പ്രത്യേക അരി വിഹിതത്തിന്റെ വിതരണത്തിന് കൂടുതൽ സമയം നൽകാനും കേന്ദ്രം സമ്മതിച്ചു. ഓണക്കാലത്ത് കേരള വിപണിയിൽ കൂടുതൽ അരിയും ഗോതമ്പും എത്താനും സപ്ലൈകോ വിൽപനശാലകളിലെ സബ്സിഡി അരിയുടെ ക്ഷാമം പരിഹരിക്കാനും ഇതോടെ വഴിയൊരുങ്ങി.
മന്ത്രി ജി.ആർ.അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പു ലഭിച്ചത്. എഫ്സിഐ ഗോഡൗണുകളിൽ അധികമുള്ള ധാന്യങ്ങൾ കുറഞ്ഞ വിലയ്ക്കു മൊത്ത വ്യാപാരികൾക്കു നൽകുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) ലേലത്തിൽ നിലവിൽ സപ്ലൈകോ പങ്കെടുത്തിരുന്നില്ല.
കേരളത്തിലെ മുൻഗണന ഇതര വിഭാഗത്തിലെ നീല, വെള്ള കാർഡ് ഉടമകൾക്ക് കേന്ദ്രം നൽകുന്ന പ്രത്യേക റേഷൻ അരി വിഹിതം (ടൈഡ് ഓവർ) അതതു മാസം വിതരണം ചെയ്യണമെന്ന വ്യവസ്ഥയിലും (സീലിങ്) ഇളവു ലഭിക്കും. പ്രതിമാസ സീലിങ് എന്നത് 3 മാസത്തെ സീലിങ് ആക്കി മാറ്റുമ്പോൾ, സൂക്ഷിച്ചു വയ്ക്കുന്ന അരി ഉത്സവസീസണുകളിൽ സ്പെഷൽ റേഷൻ വിഹിതമായി നൽകാം.
ടൈഡ് ഓവറിലെ 6,450 മെട്രിക് ടൺ ഗോതമ്പ് പുനഃസ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാൽ നീല, വെള്ള കാർഡ് ഉടമകൾക്ക് ആട്ട വിതരണം പുനരാരംഭിക്കാനാകും.
വന്നത് ഭാരത് അരി
ഒഎംഎസ്എസ് ഇ–ലേലത്തിൽ ഒന്നര വർഷത്തിലേറെയായി സംസ്ഥാന ഏജൻസികളെ കേന്ദ്രം വിലക്കിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ‘ഭാരത് അരി’ക്ക് വഴിയൊരുക്കാനാണ് ഇതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ സ്കീമിൽ നിന്ന് 24 രൂപയ്ക്കു ലഭിച്ച അരിയാണ് നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നീ കേന്ദ്ര ഏജൻസികൾ കേരളത്തിലടക്കം ‘ഭാരത് അരി’യായി വിതരണം ചെയ്തത്.