ADVERTISEMENT

ഒരിക്കൽ കാബിനറ്റ് യോഗത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു: നൗ ഓർ നെവർ! തീരുമാനം ഇപ്പോൾ വേണം. അങ്ങനെ വിഴിഞ്ഞം തുറമുഖം എന്ന ചരിത്രം പിറന്നു. ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യമാണു വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നത്തെ യാഥാർഥ്യത്തിലേക്കു നയിച്ചതെന്ന് അന്നത്തെ മന്ത്രിസഭാംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫും ഒരേ സ്വരത്തിൽ പറയുന്നു. അദാനി ഗ്രൂപ്പ് മാത്രമാണ് അന്നു ബിഡ് നൽകിയത്. തമിഴ്നാട്ടിലെ കുളച്ചൽ തുറമുഖത്തിനായി വലിയ ശ്രമം നടക്കുന്ന കാലമായിരുന്നു. അന്നു വിഴിഞ്ഞം കരാർ ഒപ്പിട്ടിരുന്നില്ലെങ്കിൽ പദ്ധതി തന്നെ ഇല്ലാതായേനെ. 

അന്ന് രാഷ്ട്രീയമായി ഉമ്മൻ ചാണ്ടി വലിയ റിസ്ക്കാണ് എടുത്തത്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിൽ  യുഡിഎഫ് സർക്കാരിനെതിരെ വലിയ ആരോപണങ്ങളുമായി വന്നു. പദ്ധതി നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഉറച്ച തീരുമാനം. അന്ന് ഉമ്മൻ ചാണ്ടി ഒപ്പിട്ട കരാറിൽനിന്ന് ഒരു മാറ്റവും അന്ന് ആരോപണം ഉന്നയിച്ചവർ മാറ്റിയിട്ടുമില്ല.  ഇന്നു വിഴിഞ്ഞം യാഥാർഥ്യത്തിലേക്ക് അടുക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പേരു പോലും പറയാൻ തയാറാകുന്നില്ല. പക്ഷേ ജനം എല്ലാം കാണുന്നുണ്ട്. അവരുടെ മനസ്സിൽ ഉമ്മൻ ചാണ്ടിയുണ്ട്. 

കെഎസ്‍യുക്കാലം

1964ൽ ഉമ്മൻ ചാണ്ടിയും കെ.സി.ജോസഫും ഒരുമിച്ചാണ് ചങ്ങനാശേരി എസ്ബി കോളജിൽ ബിഎ ഇക്കണോമിക്സിനു പഠിക്കാൻ എത്തിയത്. അന്നു തന്നെ ഉമ്മൻ ചാണ്ടി നേതാവാണ്. അഖില കേരള ബാലജന സഖ്യത്തിലും സജീവം. അച്ചടക്കമുള്ള വിദ്യാർഥിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നു കെ.സി.ജോസഫ് ഓർമിക്കുന്നു. 

ബാലജനസഖ്യത്തിലൂടെയും കെഎസ്‌യുവിലൂടെയുമാണ് താൻ ഉമ്മൻ ചാണ്ടിയുമായി അടുത്തതെന്നു തിരുവഞ്ചൂർ പറയുന്നു. 1967ൽ തിരുവഞ്ചൂർ കെഎസ്‌യു ജില്ലാ പ്രസിഡന്റായിരുന്ന കാലം.  വിദ്യാർഥി സംഘർഷങ്ങളുടെ കാലം. ആ സമയത്ത് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടാണ്.  ഒരു സമ്മേളനം  ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി വരുമ്പോൾ പ്രതിഷേധിക്കാൻ കെഎസ്‍യു തീരുമാനിച്ചു. 

മുഖ്യമന്ത്രി പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ സദസ്സിൽ നിന്ന് എഴുന്നേറ്റ് മുദ്രാവാക്യം വിളിച്ചു. എല്ലാവരെയും  പൊലീസ് മർദിച്ചു. അന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്നു ഉമ്മൻ ചാണ്ടി. സ്റ്റേഷനിലേക്ക് ഓടിയെത്താനും  പ്രവർത്തകരെയെല്ലാം ജാമ്യത്തിൽ ഇറക്കാനും ഉമ്മൻ ചാണ്ടി മുന്നിൽ നിന്നു. 

കല്ലെറിഞ്ഞവരെപ്പോലും ‘തിരിച്ചറിയാതെ’

പൊലീസ് കായികമേളയ്ക്കായി കണ്ണൂരിൽ എത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടിക്കു നേരെ കല്ലേറുണ്ടായത്. ആ സംഭവം കെ.സി.ജോസഫിന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. 

അന്നു കൂടെ കെ.സി.ജോസഫും ടി.സിദ്ദിഖുമുണ്ടായിരുന്നു. വലിയ ആൾക്കൂട്ടമായിരുന്നു. സിപിഎമ്മുകാർ കല്ലെറിഞ്ഞു. കാറിന്റെ ചില്ലു പൊട്ടി കഷണങ്ങൾ ഉമ്മൻ ചാണ്ടിയുടെ മുഖത്ത് വീണു. നെഞ്ചിലും കല്ലു കൊണ്ടു.  

കല്ലേറിൽ പ്രതിഷേധിക്കാൻ ഹർത്താൽ പ്രഖ്യാപിക്കണമെന്ന് പല രും ആവശ്യപ്പെട്ടു. തന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഉറച്ച നിലപാട്. 

ഈ കേസ് കോടതിയിൽ വന്നപ്പോൾ ആരോടും പ്രതികാരം വേണ്ടെന്ന നിലപാടായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. സംഘർഷ സ്ഥലത്ത് സിപിഎം എംഎൽഎമാർ ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. നേരിട്ടു കണ്ടവരുടെ പേരു പോലും അദ്ദേഹം പറഞ്ഞില്ല. ആ കേസ് വിട്ടുകളയൂ എന്നായിരുന്നു നിലപാട്. 

ഉമ്മൻ ചാണ്ടിയോട് അന്ന് കണ്ണൂരിലേക്കു പോകരുതെന്നു താൻ പറഞ്ഞിരുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓർമിച്ചു. അന്ന് ആഭ്യന്തര മന്ത്രിയാണ് തിരുവഞ്ചൂർ. ഡിജിപി തന്നോടു പറഞ്ഞതനുസരിച്ചാണ് അന്ന് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചതെന്ന് തിരുവഞ്ചൂർ പറയുന്നു.  താൻ കണ്ണൂരിലേക്ക് പോകാൻ ഇറങ്ങിയെന്നും ഇനി തിരിച്ചുപോകില്ലെന്നുമായിരുന്നു മറുപടിയെന്നും തിരുവഞ്ചൂർ ഓർമിക്കുന്നു.

മസാല ദോശയും സോഡയും

കോളജിൽ പഠിക്കുമ്പോൾ ഉച്ചഭക്ഷണത്തിനു പോകുന്നത് കെ.സി. ജോസഫ് ഇന്നും ഓർമിക്കുന്നു. 40 പൈസയാണ് ഊണിന്. ഉമ്മൻ ചാണ്ടി പക്ഷേ ഊണു കഴിക്കില്ല. മസാല ദോശയും സോഡയുമാണ് ഇഷ്ടം. അതാകുമ്പോൾ പരമാവധി 30 പൈസയേ ചെലവു വരൂ. 

ഭക്ഷണക്കാര്യത്തിൽ ഒരു നിർബന്ധവുമില്ല.  പലപ്പോഴും യാത്രകൾ കഴിഞ്ഞ് കോട്ടയത്ത് എത്തുമ്പോൾ രാത്രി  വൈകും. ഹോട്ടലുകളെല്ലാം അടച്ചിരിക്കും. ഉമ്മൻ ചാണ്ടി കേൾക്കാതെ, വീട്ടിൽ വിളിച്ചു വേണം ഭക്ഷണം തയാറാക്കുന്ന കാര്യം പറയാനെന്ന് കെസി ഓർക്കുന്നു.  ഉമ്മൻ ചാണ്ടി അറിഞ്ഞാൽ അതു സമ്മതിക്കില്ല.

കെഎസ്‍യുക്കാലത്ത് സെക്കൻഡ് ഷോ കാണാൻ ഉമ്മൻ ചാണ്ടിക്ക് കൂട്ടുപോയിരുന്ന ആളാണ് തിരുവഞ്ചൂർ. കോട്ടയത്തെ തിയറ്ററുകൾ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമാണ്. രാത്രി സ്റ്റാൻഡിനു സമീപത്തെ കടയിൽനിന്ന് ഉമ്മൻ ചാണ്ടി പഴവും സോഡയും കഴിക്കും. സിനിമ കഴിഞ്ഞ് അർധരാത്രിയിൽ സ്റ്റാൻഡിലെത്തി പിറ്റേന്നത്തെ മനോരമ പത്രവും വാങ്ങിയായിരുന്നു മടക്കം. 

കൂടെ യാത്ര ചെയ്യാൻ ഒരു ഫോൺ

കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും പ്രവർത്തിക്കുന്ന കാലത്ത് ഉമ്മൻ ചാണ്ടിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു. യാത്ര ചെയ്യുമ്പോഴും സംസാരിക്കാൻ പറ്റുന്ന ഒരു ഫോൺ ഉണ്ടാവണം. മൊബൈൽ ഫോൺ വരുന്നതിനും വർഷങ്ങൾക്കു മുൻപായിരുന്നു ഇത്. പിന്നീട് മൊബൈൽ ഫോൺ വന്നിട്ടും ഉമ്മൻ ചാണ്ടി സ്വന്തമായി അത് ഉപയോഗിച്ചിരുന്നില്ലെന്നതു മറ്റൊരു കൗതുകം. ആ സമയത്ത് കൂടെയുണ്ടായിരുന്നവരുടെ ഫോൺ ഉപയോഗിച്ചായിരുന്നു വിളികൾ.

ഉമ്മൻ ചാണ്ടി എന്ന ജനറൽ ഫിസിഷ്യൻ

എന്തു പ്രശ്നവും പെട്ടെന്നു മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്ന മികച്ച ഒരു ജനറൽ ഫിസിഷ്യനാണ് ഉമ്മൻ ചാണ്ടി. പെട്ടെന്ന് തീരുമാനമെടുക്കുന്ന അദ്ദേഹത്തിന്റെ ശൈലിയുടെ ഉദാഹരണമാണ് കേരളത്തിലെ റേഷൻ കാർഡ് വിതരണം വേഗത്തിലാക്കിയ നടപടി.  റേഷൻ കാർഡ് കിട്ടാനുള്ള താമസത്തെക്കുറിച്ച് ജനസമ്പർക്ക പരിപാടിയിൽ പലയിടത്തും പരാതി വന്നു. അന്ന് ഒരുപാടു നൂലാമാലകൾ അഴിച്ചാലേ റേഷൻ കാർഡ് അനുവദിക്കുമായിരുന്നുള്ളൂ.  ഇതിന്റെ നടപടികളെല്ലാം ലളിതമാക്കി. അപേക്ഷയ്ക്ക് ഒപ്പം തന്നെ സത്യവാങ്മൂലം നൽകി റേഷൻ കാർഡ് വിതരണം ചെയ്യാൻ  ഉമ്മൻ ചാണ്ടി നിർദേശിച്ചു.  ഒന്നര ലക്ഷത്തോളം അപേക്ഷകളിൽ ഒന്നര മാസത്തിനുള്ളിൽ തീരുമാനമായി. 

ഒരു കാര്യം സംശയരഹിതമായി ബോധ്യപ്പെട്ടാൽ അതു ചെയ്തിരിക്കും. പിന്നോട്ടു പോകില്ല. വികസന കാര്യങ്ങളിൽ ഇത്രയധികം ഇടപെട്ട വേറൊരാൾ കാണില്ലെന്ന് തിരുവഞ്ചൂർ പറയുന്നു. 18 പാലങ്ങളാണു കോട്ടയം മണ്ഡലത്തിൽ അനുവദിച്ചത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയ്ക്ക് തുടർച്ച ഉണ്ടായിരുന്നെങ്കിൽ കോട്ടയത്തെ ആകാശപ്പാത യാഥാർഥ്യമാകുമായിരുന്നെന്നും തിരുവഞ്ചൂർ പറഞ്ഞു. 

‌നല്ല ഫസ്റ്റ് പാർട്ടിയാ!

ഉമ്മൻ ചാണ്ടിയെ ദേഷ്യപ്പെട്ട് ഒരിക്കലും കണ്ടിട്ടില്ല.  പരമാവധി ദേഷ്യത്തോടെ അദ്ദേഹം പറയുന്നത് ഇത്രമാത്രം; ‘നല്ല ഫസ്റ്റ് പാർട്ടിയാ.’ ഒരിക്കൽ തന്നോട് ഇങ്ങനെ പറഞ്ഞത് കെ.സി. ജോസഫ് ഓർമിച്ചു.  കെഎസ്‌യുവിൽ ഇവരെല്ലാം പ്രവർത്തിക്കുന്ന കാലത്താണ്.  കോട്ടയത്ത് കെഎസ്‌യു സമ്മേളനം. 

കെ.സി.ജോസഫ്, കുര്യൻ ജോയി, സി.ടി. കുരുവിള തുടങ്ങിയവർ പോസ്റ്റർ ഒട്ടിക്കാനായി രാത്രിയിൽ ഇറങ്ങി. എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർ പിന്നാലെയുണ്ട്. കെ.സി.ജോസഫും കൂട്ടരും അന്നത്തെ സ്വതന്ത്ര പാർട്ടിയുടെ ഓഫിസിനു മുന്നിലെ ബോർഡിൽ കെഎസ്‌യുവിന്റെ പോസ്റ്റർ ഒട്ടിച്ചു. ഇതു വലിയ പരാതിയായി. അന്നു കെ.സി.ജോസഫിനെ വിളിച്ച് ഉമ്മൻ ചാണ്ടി പറഞ്ഞു– നല്ല ഫസ്റ്റ് പാർട്ടിയാ!

കീശ രക്ഷിച്ച അപകടം

ഉമ്മൻ ചാണ്ടി 3 തവണ അപകടത്തിൽപെട്ട കാര്യം തിരുവഞ്ചൂരിന്റെ ഓർമയിലുണ്ട്. കോട്ടയത്തെ യൂത്ത് കോൺ‌ഗ്രസിന് എംഡിഎഫ് 3838 എന്ന നമ്പറിൽ ഒരു ജീപ്പുണ്ടായിരുന്നു. 1971ലെ കഥയാണ്.  എം.എം.ജേക്കബിനെ രാമപുരത്തെ വീട്ടിൽ കൊണ്ടുവിട്ടു തിരിച്ചുവരും വഴി ഏറ്റുമാനൂരിന് സമീപം ജീപ്പ് അപകടത്തിൽപെട്ടു. ഒരു ട്രാ‍ൻസ്ഫോമറിനും അതിന്റെ സ്റ്റേ വയറിനും ഇടയിലൂടെ നേരെ ജീപ്പ് പാടത്തേക്കു വീണു. അന്നു തിരുവഞ്ചൂർ കൂടെയുണ്ട്. 

പുതുപ്പള്ളി റോഡിൽ മന്ദിരം ആശുപത്രിക്കു മുന്നിലായിരുന്നു മറ്റൊരു അപകടം. തൊട്ടു മുന്നിൽപ്പോയ ലോറിയിൽ ജീപ്പ് ഇടിച്ചു. മുൻസീറ്റിൽ ഇരുന്ന ഉമ്മൻ ചാണ്ടിയുടെ നെറ്റി പൊട്ടി ദേഹം മുഴുവൻ ചോരയായി. അന്നത്തെ മുറിപ്പാടു മരിക്കുംവരെ നെറ്റിയിൽ ഉണ്ടായിരുന്നു. 

ഒരിക്കൽ കോട്ടയത്തേക്ക് വരാൻ  ബസ് ടിക്കറ്റിനുള്ള പൈസ കൈയിലില്ല. ടാക്സി പിടിച്ചു. കോട്ടയത്ത് എത്തിയാൽ കൂട്ടുകാരെ ആരെയെങ്കിലും കണ്ട് പൈസ വാങ്ങിക്കൊടുക്കാമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ചിന്ത. ടാക്സി കോട്ടയത്തു വരുന്നതിനു മുൻപ് അപകടത്തിൽപ്പെട്ടു. പരുക്കില്ലാതെയും ടാക്സി കൂലി കൊടുക്കാതെയും ഉമ്മൻ ചാണ്ടി രക്ഷപ്പെട്ടു!

English Summary:

Thiruvanchoor Radhakrishnan and KC Joseph shares memories about Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com