പിഎസ്സി കോഴ ‘ആവിയായി’, വെറും റിയൽ എസ്റ്റേറ്റ് ഇടപാട് !
Mail This Article
കോഴിക്കോട് ∙ പബ്ലിക് സർവീസ് കമ്മിഷൻ അംഗത്വത്തിനു പണം വാങ്ങിയെന്ന വിവാദത്തിൽ അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നു സിപിഎമ്മിന്റെ പാർട്ടി റിപ്പോർട്ടിങ്. ടൗൺ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായി പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്നു പുറത്താക്കിയ നടപടിയെ കുറിച്ചു സിപിഎമ്മിന്റെ കീഴ്ഘടകങ്ങളിൽ റിപ്പോർട്ടിങ് നടക്കുകയാണ്. ഈ റിപ്പോർട്ടിങ്ങിലാണു ‘ആരോഗ്യവകുപ്പിലെ നിയമനത്തിനു കോഴ വാങ്ങിയതും റിയൽ എസ്റ്റേറ്റ് ഇടപാടു നടത്തി’യതുമാണു പ്രമോദിന്റെ ഭാഗത്തു നിന്നുള്ള അച്ചടക്ക ലംഘനമായി പറയുന്നത്.
‘പാർട്ടിയുടെ സൽപേരിനു കളങ്കം വരുത്തുകയും അച്ചടക്കലംഘനം നടത്തുകയും’ ചെയ്തതു കൊണ്ടാണു പ്രമോദിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതെന്നാണു ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. ആ കളങ്കമെന്താണെന്നോ പ്രമോദ് അച്ചടക്കം ലംഘിച്ചത് എങ്ങനെയാണെന്നോ പാർട്ടി വ്യക്തമാക്കിയിരുന്നില്ല. എന്നാൽ അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്യുന്ന പാർട്ടി യോഗങ്ങളിലാണ് ഇതു സംബന്ധിച്ചു സിപിഎം കൂടുതൽ വിശദീകരിക്കുന്നത്. പരാതിക്കാരനായ ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ആരോഗ്യവകുപ്പിൽ നിയമനം നൽകാൻ പ്രമോദ് കോഴ വാങ്ങി, ശ്രീജിത്തിനു വിൽക്കാൻ ശ്രമിച്ച ഭൂമി തരം മാറ്റാൻ 11.5 ലക്ഷം രൂപ വാങ്ങി എന്നുമാണ് വിശദീകരണം.
കഴിഞ്ഞ ദിവസം പ്രമോദിന്റെ നാട്ടിലെ ബ്രാഞ്ച് യോഗത്തിൽ പാർട്ടി നടപടി ജില്ലാ കമ്മിറ്റി അംഗം റിപ്പോർട്ട് ചെയ്യുന്നതിനിടെ സംഘർഷമുണ്ടായി. 2022ൽ തരംമാറ്റിയ ഭൂമിക്ക് എങ്ങനെയാണ് 2024 േമയിൽ പണം വാങ്ങുന്നതെന്നു ഭൂവുടമയായ ബ്രാഞ്ച് അംഗം തന്നെ ചൂണ്ടിക്കാട്ടിയതോടെയായിരുന്നു വാക്കേറ്റം. അത്തരമൊരിടപാടിന്റെ പേരിൽ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ഇത്ര കടുത്ത അച്ചടക്ക നടപടി എടുക്കേണ്ടതുണ്ടോ എന്നു പാർട്ടി പ്രവർത്തകർക്കിടയിൽ ചോദ്യം ഉയരുന്നുമുണ്ട്. ക്വാറി– മാഫിയ ബന്ധത്തിന്റെ പേരിൽ തെളിവു സഹിതം പരാതി കിട്ടിയിട്ടും മുൻ എംഎൽഎ ജോർജ് എം.തോമസിനെ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്യുക മാത്രമാണു ചെയ്തത്.
അതേസമയം പാർട്ടിയിലെ ചില ഉന്നത നേതാക്കൾ ഒരുക്കിയ തിരക്കഥയുടെ ഭാഗമായാണു തനിക്കെതിരായ നടപടിയെന്നു പ്രമോദ് തുടക്കം മുതൽ ആരോപിക്കുന്നുണ്ട്.
പ്രമോദ് പണം വാങ്ങിയിട്ടില്ലെന്ന് ഗിരീഷ് കുമാർ
ഭൂമി തരംമാറ്റാൻ പ്രമോദ് കോട്ടൂളി പണം വാങ്ങിയെന്ന പാർട്ടി റിപ്പോർട്ടിലെ പരാമർശം തെറ്റാണെന്നു ബ്രാഞ്ച് അംഗമായ ഗിരീഷ് കുമാർ. പരാതിക്കാരനായ ശ്രീജിത്തുമായി നടന്ന ഭൂമി ഇടപാട് കോഴയുടെ ഭാഗമാണെന്നു പാർട്ടി റിപ്പോർട്ടിൽ പറയുന്നതു ശരിയല്ല. 2022ൽ തരംമാറ്റിയ ഭൂമിക്ക് പ്രമോദ് പണം വാങ്ങേണ്ട കാര്യമില്ല. പ്രമോദ് ഇടപെട്ടത് തന്റെ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ടതു കൊണ്ടാണെന്നും ബ്രാഞ്ച് യോഗത്തിൽ ഇക്കാര്യങ്ങൾ പറയാൻ അനുവദിച്ചില്ലെന്നും ഗിരീഷ് കുമാർ പറഞ്ഞു.