കെ. മുരളീധരനെതിരെ ആരും പറഞ്ഞില്ലെന്ന് നേതാക്കൾ; പുറത്താക്കിയാലും പാർട്ടി വിടില്ല: മുരളീധരൻ
Mail This Article
തിരുവനന്തപുരം ∙ വയനാട്ടിലെ കോൺഗ്രസ് നേതൃക്യാംപിൽ കെ.മുരളീധരനെതിരെ താൻ ഉൾപ്പെടെ ഒരു പ്രതിനിധിയും വിമർശനമുന്നയിച്ചിട്ടില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ. കെ.മുരളീധരൻ പാർട്ടിയുടെ സമുന്നത നേതാവാണെന്നും അദ്ദേഹത്തെ മാറ്റിനിർത്തി ഒരു പ്രവർത്തനത്തിനും കെപിസിസി മുതിരില്ലെന്നും പ്രതാപൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മക ചർച്ചകളാണു നേതൃയോഗത്തിലുണ്ടായതെന്നും ഒരു നേതാവിനെയും വ്യക്തിപരമായി വിമർശിക്കുന്ന പരാമർശങ്ങളുണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കെ.മുരളീധരനെക്കുറിച്ചോ തൃശൂരിലെ പരാജയത്തെക്കുറിച്ചോ ഒരു വാക്കു പോലും താൻ യോഗത്തിൽ സംസാരിച്ചില്ലെന്ന് രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാനും പറഞ്ഞു.
പുറത്താക്കിയാലും പാർട്ടി വിടില്ല: കെ.മുരളീധരൻ
കോഴിക്കോട് ∙ പുറത്താക്കിയാലും കോൺഗ്രസ് വിട്ടുപോകില്ലെന്നു കെ.മുരളീധരൻ. ‘ഇത്രയേറെ സ്ഥാനങ്ങൾ നൽകിയ പാർട്ടിയെ ഞാനെന്തിനുപേക്ഷിക്കണം. എതിരാളി ശക്തനാണെന്നു പറയുന്നതിനർഥം ഞാൻ ബിജെപിയിലേക്കു പോകുന്നുവെന്നല്ല’. കലക്ടർമാരെ മാറ്റുന്നതുപോലെ സ്ഥാനാർഥികളെ മാറ്റിയാൽ മണ്ഡലത്തെക്കുറിച്ചു പഠിക്കാതെ പോകുന്നതിനു തുല്യമാകുമെന്നു തൃശൂരിലെ തോൽവിയെ പരാമർശിച്ചു മുരളീധരൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ പി.സി.വിഷ്ണുനാഥിനൊപ്പം തിരുവനന്തപുരം കോർപറേഷനിൽ സജീവമായി പ്രവർത്തിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.