ADVERTISEMENT

തിരുവനന്തപുരം∙ മത്സ്യത്തൊഴിലാളികളെ വ്യാപകമായി കുടിയൊഴിപ്പിക്കുകയും പാരിസ്ഥിതികമായി തിരിച്ചടിയുണ്ടാക്കുകയും ചെയ്യുന്ന നിർദിഷ്ട തീരദേശ ഹൈവേ പദ്ധതിയിൽനിന്നു സർക്കാർ പി‍ന്മാറണമെന്നു പ്രതിപക്ഷം. വിശദമായ പദ്ധതിരേഖയോ സാമൂഹികാഘാത പഠനമോ നടത്താതെയാണു നിർമിക്കാനൊരുങ്ങുന്നത്. ദേശീയപാതയ്ക്കു ഭൂമിയേറ്റെടുക്കുന്നതിന്റെ മൂന്നിലൊന്നു പോലും തുക നഷ്ടപരിഹാരം നൽകാതെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. തീരദേശ ഹൈവേയെക്കുറിച്ചു പഠിക്കാൻ യുഡിഎഫ് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം. 

കേരളത്തിലെ 590 കിലോമീറ്റർ തീരദേശത്ത് 63% പ്രദേശങ്ങളും ഹൈ റിസ്‌ക് ഏരിയയാണ്. 700 ഹെക്ടർ സ്ഥലമാണു തീരശോഷണത്തിലൂടെ നഷ്ടമായത്. പുനരധിവസിപ്പിക്കാനുള്ള ഭൂമി പോലും ലഭ്യമല്ല. ടൂറിസം വികസനത്തിനു നടപ്പാക്കുന്ന ഹൈവേ അനിവാര്യ പദ്ധതിയല്ല. ഡോ.എം.കെ.മുനീറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠനം നടത്തിയ ശേഷമാണു സിൽവർ ലൈൻ പ്രായോഗികമല്ലെന്നു യുഡിഎഫ് പറഞ്ഞത്. അതിനെക്കാൾ അപ്രായോഗികമായ പദ്ധതിയാണു തീരദേശ ഹൈവേ. ഹൈവേക്കല്ല, തീരപ്രദേശത്തെ പ്രശ്‌നങ്ങൾക്കാണു മുൻഗണന വേണ്ടത്. റിപ്പോർട്ട് സർക്കാരിനു നൽകുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

ദേശീയപാത യാഥാർഥ്യമാകാതിരുന്ന കാലത്താണു പദ്ധതി പ്രഖ്യാപിച്ചതെന്നും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തീരദേശത്ത് ഹൈവേ സാധ്യമല്ലെന്നും കമ്മിറ്റി കൺവീനർ ഷിബു ബേബി ജോൺ പറഞ്ഞു. തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട്ടെ കുഞ്ചത്തൂർ വരെ ഏതാണ്ട് 625 കി.മീ ദൈർഘ്യമുള്ള ഹൈവേയാണു സർക്കാർ ആസൂത്രണം ചെയ്യുന്നത്.

കണ്ടെത്തലുകൾ

∙ ഡിപിആർ തയാറാക്കിയില്ല, ഫലത്തിൽ പലയിടത്തും എൻഎച്ച് 66 തീരദേശ ഹൈവേ തന്നെയാണ്. 

∙ ആഴത്തിലുള്ള സബ് സ്ട്രക്ചർ നിർമിക്കുന്നതു പ്രളയസാധ്യത വർധിപ്പിക്കും.

∙ പദ്ധതിയുടെ ശാസ്ത്രീയത സംശയത്തിലാണ്. മലപ്പുറത്തെ ടിപ്പു സുൽത്താൻ റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് 200 മീറ്റർ അകലത്തിൽ ഏറ്റവും ജനനിബിഡമായ തീരദേശത്തു കൂടിയാണു ഹൈവേ.

∙ നഷ്ടപരിഹാരം തിരഞ്ഞെടുക്കാനുള്ള അവകാശത്തെ അട്ടിമറിക്കുന്നതാണ് ഉത്തരവ്. 600 ചതുരശ്ര അടിയുള്ള ഫ്ലാറ്റ് അല്ലെങ്കിൽ 13 ലക്ഷം രൂപയാണു നൽകുന്നത്. 

ബദൽ നിർദേശങ്ങൾ

∙ അർഹമായ നഷ്ടപരിഹാരം നൽകി തീരദേശ ഗ്രാമീണ റോഡുകൾ വികസിപ്പിക്കണം.

∙ തീരദേശ റോഡുകളെ നിലവിലെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡുകൾ ദേശീയപാതാ നിലവാരത്തിൽ വികസിപ്പിക്കണം

∙ ദേശീയ ജലപാതാ വികസനം വേഗം പൂർത്തിയാക്കണം. ഇതുവഴി ചരക്കുഗതാഗതം സാധ്യമാക്കാം.

∙ ടൂറിസത്തിനായി വിഭാവനം ചെയ്യുന്ന സൈക്കിൾ ട്രാക്കുകൾ കടൽഭിത്തിയോടു ചേർന്നു നിർമിക്കാനാകും. 

English Summary:

Opposition wants Kerala government to withdraw from Coastal Highway project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com