‘വിശ്വാസം നഷ്ടപ്പെട്ടു’: തിരച്ചിലിനെപ്പറ്റി അർജുന്റെ കുടുംബം
Mail This Article
കോഴിക്കോട് ∙ നിലവിലെ തിരച്ചിൽ അടക്കമുള്ള സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായി അർജുന്റെ കുടുംബം. കേരളത്തിൽ നിന്ന് തിരച്ചിലിനു സന്നദ്ധരായി എത്തുന്നവർക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടക പൊലീസ് കാര്യക്ഷമമായി ഇടപെടും എന്നു കരുതിയാണ് ആദ്യ ദിവസങ്ങളിൽ കാത്തിരുന്നത്. എന്നാൽ അനാസ്ഥയാണ് അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. ബന്ധുക്കളും ലോറി ഉടമയായ മനാഫും കർണാടകയിൽ 5 ദിവസമായി തങ്ങുകയാണ്. കർണാടകയിലെ പൊലീസ് ഉദ്യോഗസ്ഥൻ മനാഫിനെ മർദിച്ചുവെന്നും കുടുംബം ആരോപിച്ചു.
ദുരന്തസ്ഥലത്ത് മണ്ണ് നീക്കുന്നതിനിടെ ഒട്ടേറെ വണ്ടികളും മൃതദേഹങ്ങളും കിട്ടിയിട്ടുണ്ട്. ഈ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. അർജുനെ കാണാതായ ദിവസം തന്നെ ലോറി ഉടമ പരാതി നൽകുകയും കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പരാതി ലഭിച്ചിരുന്നില്ലെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നതെന്നും കുടുംബം ആരോപിച്ചു. ഇത്രയും ദിവസം മകൻ ജീവനോടെ തന്നെ തിരിച്ചുവരും എന്ന് ഉറച്ചു വിശ്വസിച്ച തനിക്ക് ഇപ്പോൾ മകനെ ജീവനോടെ കിട്ടുമോ എന്നതിൽ വ്യക്തതയില്ലെന്ന് അമ്മ ഷീല പറഞ്ഞു.
അർജുന്റെ 2 നമ്പറുകളിലും ഇപ്പോഴും കുടുംബാംഗങ്ങൾ മാറി മാറി വിളിച്ചു നോക്കുകയാണ്. സ്വിച്ച്ഡ് ഓഫ് ആണെന്നാണു മറുപടി. ലോറിയുടെ ജിപിഎസ് ലൊക്കേഷൻ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട അതേ അവസ്ഥയിൽ തന്നെയാണ് ഉള്ളത്. ഇന്നലെ റഡാർ എത്തിച്ചുള്ള പരിശോധനയിൽ 3 സിഗ്നലുകൾ ലഭിച്ചെന്ന വിവരം പുറത്തു വന്നതോടെ എല്ലാവരും ഏറെ പ്രതീക്ഷയിലായിരുന്നു. ലോറിയുടെ ജിപിഎസ് ലൊക്കേഷൻ കാണിച്ചു കൊണ്ടിരുന്ന സ്ഥലത്തേക്കു രക്ഷാപ്രവർത്തനം കേന്ദ്രീകരിച്ചതും പ്രതീക്ഷ നൽകി. ഇടയ്ക്കു മഴ മാറിനിൽക്കുക കൂടി ചെയ്തതോടെ ഉച്ചയ്ക്കു മുൻപു തന്നെ അർജുന്റെ വിവരം ലഭിക്കുമെന്ന സൂചനകൾ വന്നു. എന്നാൽ ഉച്ചയായിട്ടും രക്ഷാപ്രവർത്തനത്തിനു പ്രതീക്ഷിച്ച വേഗമില്ലാതായതോടെയാണു കുടുംബം അടിയന്തര ഇടപെടൽ തേടി പ്രധാനമന്ത്രിക്കു കത്തയച്ചത്.